ഒറ്റപ്രസവത്തിലെ 9 പൊന്നോമനകൾക്ക് ഒന്നാം പിറന്നാൾ

0
59

ഒറ്റപ്രസവത്തിൽ ഒൻപത് മക്കൾക്ക് ജന്മം നൽകി ഒരു യുവതി കഴിഞ്ഞ വർഷം വാർത്തകളിലിടം നേടിയിരുന്നു. പശ്ചിമാഫ്രിക്കയിലെ മാലിയിൽ നിന്നുള്ള 26 കാരിയായ ഹലീമ സിസ്സെയാണ് കഴിഞ്ഞ വർഷം മെയ് 4 ന് ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇപ്പോഴിതാ ഹലീമയും ഭർത്താവ് അബ്ദുൽകാദർ അർബിയും തങ്ങളുടെ പൊന്നോമനകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കുകയാണ്. ഒറ്റപ്രസവത്തിലൂടെ ഗിന്നസ് റെക്കോർഡിലും കയറിപ്പറ്റിയിവർ. ലോകത്തിൽ ജീവിച്ചിരിയ്ക്കുന്ന, ഒറ്റപ്രസവത്തിലൂടെ ജനിച്ച ഒൻപതു പേരെന്ന റെക്കോർഡും ഈ കുരുന്നുകൾക്കുതന്നെ. മാലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ് അബ്ദുൽകാദർ അർബി.

ഈ ഒൻപത് പേരിൽ അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണുള്ളത്. 30ാം മത്തെ ആഴ്ചയിൽ ഈ കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. കുട്ടികളെല്ലാവരും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും വളർച്ചയുടെ ഒരോ പടവും കൃതമായി കടക്കുന്നുവെന്നും അബ്ദുൽകാദർ അർബി പറയുന്നു. 2021 മെയ് 4-ന് മൊറോക്കോയിൽ വെച്ചാണ് ഹലീമ സിസ്സെയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പ്രത്യേക പരിചരണം ലഭിക്കുന്നതിനായി ദമ്പതികളെ പശ്ചിമാഫ്രിക്കയിലെ മാലിയിൽ നിന്ന് മൊറോക്കോയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഈ അപൂർവ സഹോദരങ്ങളുടെ പേരുകൾ ഇങ്ങനെയാണ്. മുഹമ്മദ് ആറാമൻ, ഔമർ, എൽഹാദ്ജി, ബഹ്, കാദിദിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ. സൗദ എന്ന 3 വയസ്സുള്ള മൂത്ത സഹോദരിയും ഇവർക്കുണ്ട്. മൊറോക്കോയിലെ ക്ലിനിക്കിലെ മെഡിക്കലൈസ്ഡ് ഫ്ലാറ്റിലാണ് ഇപ്പോഴും ഇവർ താമസിയ്ക്കുന്നത്. കുഞ്ഞുങ്ങൾക്കു പ്രത്യേക പരിചരണം ആവശ്യമായതിനാൽ നഴ്സുമാരും ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here