തൃശ്ശൂർ: കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ സവാള വാങ്ങി സംഭരിക്കാവുന്ന സുവർണാവസരം കേരളം പാഴാക്കുന്നു. മഹാരാഷ്ട്രയിൽ വിളവെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ ഏജൻസികളും മറ്റു സംസ്ഥാനങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുകയാണിപ്പോൾ. കിലോയ്ക്ക് നാലുരൂപ മുതൽ വിളവെടുപ്പ് സ്ഥലങ്ങളിൽ കിട്ടുന്ന സവാള സർക്കാർ വാങ്ങിസൂക്ഷിച്ചാൽ ഓണത്തിന് 10 രൂപയിൽ താഴെ വിതരണം ചെയ്യാനാകും.
വേനൽക്കാല സവാളയ്ക്ക് ജലാംശം കുറവായതിനാൽ ചീഞ്ഞുപോകില്ല. കേന്ദ്രപദ്ധതി ഉപയോഗപ്പെടുത്തി സവാള സംഭരിക്കുമെന്ന് രണ്ടുകൊല്ലംമുമ്പ് അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞിരുന്നു. എന്നാൽ, പറച്ചിലല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.
ഉത്പാദനകേന്ദ്രത്തിൽനിന്ന് സവാള വാങ്ങുമ്പോൾ സംഭരണച്ചെലവിന്റെയും കടത്തുകൂലിയുടെയും പകുതി സബ്സിഡിയായി നൽകുന്നതാണ് കേന്ദ്ര ഉപഭോക്തൃമന്ത്രാലയത്തിന്റെ ‘ ടോപ്പ്’ പദ്ധതി. ടൊമാറ്റോ-ഒനിയൻ-പൊട്ടറ്റോ എന്നതിന്റെ ചുരുക്കപ്പേരാണിത്.
മഹാരാഷ്ട്രയിലെ നാസിക്, അഹമ്മദ്നഗർ, പുണെ, പിമ്പൽഗാവ്, ലാസൽഗാവ്, ശ്രീരാംപുർ, കോലാപ്പുർ, ഷോലാപ്പുർ, ബിജാപ്പുർ എന്നിവിടങ്ങളിലാണ് ഇപ്പോൾ വൻതോതിൽ സവാള വിളവെടുപ്പ് നടക്കുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ഉത്പാദനമുണ്ടെങ്കിലും പ്രിയം മഹാരാഷ്ട്രയിലെ വേനൽക്കാല സവാളയ്ക്കാണ്.
കിലോയ്ക്ക് നാലുമുതൽ 10 വരെ രൂപയാണ് മഹാരാഷ്ട്രയിലെ ഉത്പാദനകേന്ദ്രങ്ങളിലെ വില. ഗുണനിലവാരത്തിന് അനുസരിച്ചാണ് വില. ഇക്കൊല്ലം ഉത്പാദനം ഗണ്യമായി കൂടിയിട്ടുമുണ്ട്. വാങ്ങുന്ന സ്ഥലത്തുതന്നെ ലഭ്യമായ ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ആവശ്യം വരുമ്പോൾ കേരളത്തിലേക്ക് കൊണ്ടുവന്നാൽ മതിയാകും.
കേന്ദ്ര ഏജൻസിയായ നാഫെഡ് വരുന്ന ദീപാവലിക്ക് വിതരണം ചെയ്യാൻ ഇവിടങ്ങളിൽനിന്ന് വൻതോതിൽ സവാള വാങ്ങുന്നുണ്ട്.