സുന്ദരാപുരം: കോയമ്പത്തൂരില്‍ സാമൂഹികപരിഷ്കർത്താവും യുക്തിവാദിയുമായ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പൂര്‍ണകായ പ്രതിമ സാമൂഹ്യ വിരുദ്ധർ കാവി നിറം പൂശിയ നിലയില്‍. സംഭവത്തെത്തുടർന്ന് പെരിയാറിന്‍റെ പ്രതിമയില്‍ കാവി നിറം ചാര്‍ത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ, എംഡിഎംകെ, വിസികെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ നേതാക്കളും സിപിഐ ജില്ലാ സെക്രട്ടറി വി എസ് സുന്ദരവും ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്ന് ഡിഎംകെ എംഎല്‍എ എന്‍ കാര്‍ത്തിക് പറഞ്ഞു. പിന്നീട് പ്രതിഷേധക്കാര്‍ തന്നെ പ്രതിമ കഴുകി വൃത്തിയാക്കി. പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്.