ബാഹുബലി, ആർ.ആർ.ആർ., കെ.ജി.എഫ്. തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ ഭൂപടം മാറ്റിവരയ്ക്കുകയാണ്. ബോക്സോഫീസിൽ ശതകോടികൾ വാരിക്കൂട്ടി ദേശീയതലത്തിൽ തരംഗമായ ഈ തെന്നിന്ത്യൻ ചിത്രങ്ങൾ ഹിന്ദി മാത്രമല്ല ഇന്ത്യൻ സിനിമയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണെന്ന് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി.
1983-ൽ ദേശീയ പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയപ്പോഴുണ്ടായ അനുഭവവും ചിരഞ്ജീവി പങ്കുവെച്ചു. ഇന്ത്യൻ സിനിമയുടെ കീർത്തി വിളിച്ചോതുന്ന പോസ്റ്ററുകൾകൊണ്ട് അലങ്കരിച്ച ഹാളിലായിരുന്നു അന്ന് ചായസത്കാരം. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ഹാളിൽ.
ദക്ഷിണേന്ത്യയിൽനിന്ന് എം.ജി.ആറും ജയലളിതയും നൃത്തംചെയ്യുന്നതിന്റെയും ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടൻ എന്ന നിലയിൽ പ്രേംനസീറിന്റെയും ചിത്രംമാത്രം. തെന്നിന്ത്യൻ ചലച്ചിത്രലോകം അപമാനിക്കപ്പെട്ടപോലെ തോന്നി. എന്നാലിപ്പോൾ അഭിമാനത്തിന്റെ കാലമാണെന്നും ചിരഞ്ജീവി പറയുന്നു.