ജോജു ജോർജ്ജും (Joju George) മാർട്ടിൻ പ്രക്കാർട്ടും ഒന്നിക്കുന്ന ‘ഇരട്ട’യുടെ (Iratta movie) റിലീസ് തീയതി പുറത്തുവിട്ടു. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നൊരുക്കുന്ന, ജോജു ജോർജ് നായകനാവുന്ന ‘ഇരട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഫെബ്രുവരി 2ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.
നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത രോഹിത് എം.ജി. കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ വേഷമെന്ന് അണിയറക്കാർ.
മാർട്ടിൻ പ്രക്കാട്ട്-ജോജു ജോർജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഫിലിം ക്രിട്ടിക്സ് അവാർഡിലും മികച്ച സംവിധായകനുള്ള അവാർഡ് മാർട്ടിൻ പ്രക്കാട്ടിനായിരുന്നു.
ഇരട്ടയിൽ ജോജുവിനൊടൊപ്പം അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് ഇരട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിങ്. മീഡിയ പ്ലാൻ- ഒബ്സ്ക്യൂറ.