മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയാനായേക്കുമെന്നും ഇതിന്റെ ഭാഗമായി അധികാരം തൽക്കാലത്തേക്ക് കൈമാറാൻ ഒരുങ്ങുന്നതായും റിപ്പോർട്ട്. റഷ്യയുടെ ഫോറിൻ ഇന്റലിജൻസ് സർവീസ് മുൻ ലെഫ്റ്റനന്റ് ജനറൽ നടത്തുന്ന ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചാണ് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാൻസർ ശസ്ത്രക്രിയയ്ക്ക് പോകുമ്പോൾ, റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കൊളായ് പട്രുഷേവിനാണ് പുതിൻ തത്കാലത്തേക്ക് അധികാരം കൈമാറുകയെന്നാണ് വിവരം.
ശസ്ത്രക്രിയയ്ക്ക് വിധേയനായേ മതിയാകൂ എന്നാണ് പുതിന് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശമെന്നാണ് സൂചന. ശസ്ത്രക്രിയയും രോഗമുക്തി നേടാനെടുക്കുന്ന സമയവും പുതിനെ കുറച്ചുകാലത്തേക്ക് അധികാരത്തിൽനിന്ന് അകറ്റി നിർത്തിയേക്കും. ഈയടുത്തായി പുറത്തുവന്ന പല ചിത്രങ്ങളും പുതിന്റെ ആരോഗ്യനിലയെ കുറിച്ച് ഊഹാപോഹങ്ങൾ പടർത്താൻ പോന്നവയായിരുന്നു. കാൻസറിനെ കൂടാതെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളും പുതിനെ ബാധിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.