ഹൈദരാബാദ്• കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒസ്മാനിയ സര്‍വകലാശാല സന്ദര്‍ശിക്കുന്നത് വന്‍ വിവാദത്തിലേക്ക്. രാഹുലിന്റെ സന്ദര്‍ശനത്തിന് സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചു. മേയ് ഏഴിനാണ് രാഹുല്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നത്. രാഷ്ട്രീയ ഇതര വിഷയങ്ങളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയാണ് രാഹുലിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്നാല്‍ ക്യാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാത്ത സാഹചര്യത്തില്‍ രാഹുലിന് സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്. 2017ലെ ഹൈക്കോടതി വിധിക്കു ശേഷം ക്യാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉള്‍പ്പെടെ പാഠ്യേതര നടപടികള്‍ അനുവിക്കില്ലെന്ന് സര്‍വകലാശാല പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അധ്യാപകരില്‍ ഒരു വിഭാഗം രാഹുലിന്റെ സന്ദര്‍ശനത്തെ അനുകൂലിക്കുന്നവരാണ്. രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല മറിച്ച് ബൗദ്ധികമായ നീക്കമാണെന്ന് പ്രഫ. ജി.വിനോദ് കുമാര്‍ പറഞ്ഞു.
രാഹുലിനെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കാത്തതിനു പിന്നില്‍ തെലങ്കാന രാഷ്ട്ര സമിതിയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. എന്തിനാണ് രാഹുലിനെ തടയുന്നത്. സോണിയാ ഗാന്ധി തെലങ്കാന രൂപീകരിക്കാന്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ നിങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആകുമായിരുന്നോ – കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു ചോദിച്ചു. തെലങ്കാന രൂപീകരിക്കപ്പെട്ടതിനു ശേഷം നേതാക്കള്‍ വാഗ്ദാനം ചെയ്തതുപോലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ഫീസ് ആനുകൂല്യങ്ങളും ലഭിച്ചോ?. ഇക്കാര്യങ്ങള്‍ രാഹുല്‍ വിദ്യാര്‍ഥികളോടു ചോദിക്കും. അതുകൊണ്ടാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു രാഹുലിനെ തടയുന്നതും പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതും. ഇതൊരു പൊതുപരിപാടി അല്ലെന്നും വിദ്യാര്‍ഥികള്‍ അവരുടെ പ്രശ്‌നങ്ങള്‍ രാഹുലുമായി പങ്കുവയ്ക്കുക മാത്രമാണു ചെയ്യുകയെന്നും ഹനുമന്ത റാവു പറഞ്ഞു.
രാുഹലിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ച എന്‍എസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ ചെയ്തിരുന്നു. ടിആര്‍എസിന്റെ വിദ്യാര്‍ഥി വിഭാഗവും അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തും രാഹുലിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. മേയ് 6ന് വാറങ്കലില്‍ രാഹുല്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നും അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.