പാരീസ്: പാരിസ് ഒളിംപിക്സിലെ അതിവേഗ താരമായി അമേരിക്കയുടെ നോഹ ലൈൽസ്. 100 മീറ്ററിലെ വേഗപ്പോരിൽ ലൈൽസ് ജമൈക്കയുടെ കിഷെയ്ൻ തോംസണെ ഫോട്ടോ ഫിനിഷില്‍ പിന്നിലാക്കി സ്വര്‍ണം നേടി. ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ 100 മീറ്റർ ഫൈനലിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്.
വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ മിന്നൽ വേഗത്തില്‍ കുതിച്ച താരങ്ങള്‍ കണ്ണടച്ച് തുറക്കും മുന്നേ എട്ടുപേരും ഫിനിഷിംഗ് ലൈൻതൊട്ടു. മുന്നിലാരെന്ന് ആർക്കും ആര്‍ക്കും ഉറപ്പില്ല. ഒടുവില്‍ അമേരിക്കയുടെ നോഹ ലൈൽസും ജമൈക്കയുടെ കിഷെയ്ൻ തോംസണും 9.79 സെക്കൻഡിൽ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തുവെന്ന് കണക്കുകള്‍. പക്ഷെ ഫോട്ടോഫിനിഷിൽ സെക്കൻഡിന്‍റെ അയ്യായിരത്തിൽ ഒരു അംശത്തിൽ(9.784) ലൈൽസ് ഒളിംപിക് ചാമ്പ്യനായി. അതും കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ.
രണ്ടാമത് എത്തിയ കിഷന്‍ തോംസണ്‍ ഫിനിഷ് ചെയ്തത് 9.789 സെക്കന്‍ഡിലും. ലോക ചാമ്പ്യൻഷിപ്പ് സ്വര്‍ണത്തിനൊപ്പമാണ് നോഹ ലൈല്‍സ് ഒളിംപിക് സ്വര്‍ണം കൂടി സ്വന്തം പേരില്‍ ചേര്‍ക്കുന്നത്. ഫൈനലില്‍ സ്വര്‍ണം നേടിയ നോഹ ലൈല്‍സും എട്ടാമത് ഫിനിഷ് ജമൈക്കയുടെ ഒബ്ലിക്കെ സെവിയെയയും തമ്മിലുള്ള വ്യത്യസം വെറും 0.12 സെക്കന്‍ഡ് മാത്രമായിരുന്നു.
ഉസൈൻ ബോൾട്ടിന്‍റെ 9.63 സെക്കൻഡിന്‍റെ ഒളിംപിക് റെക്കോർഡ് അപ്പോഴും തൊടാന്‍ ആര്‍ക്കുമായില്ല. 9.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഫ്രെഡ് കേർലിക്ക് വെങ്കലം. നിലവിലെ ചാമ്പ്യൻ മാർസൽ ജേക്കബ്സ് 9.85 സെക്കൻഡിൽ അഞ്ചാമത്. ഫൈനലിലെ എട്ടുപേരും 100 മീറ്റർ പൂർത്തിയാക്കിയത് പത്ത് സെക്കൻഡിൽ താഴെ. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 100 മീറ്ററിൽ അമേരിക്കൻ താരത്തിന്‍റെ ആദ്യ ഒളിംപിക്സ് സ്വർണം.