തിരുവനന്തപുരം• സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുത്തു. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് സിബിഐ സംഘം തെളിവെടുക്കുന്നത്. പീഡനപരാതി അന്വേഷിക്കാൻ പൊതുഭരണവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് സംഘം ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആദ്യമായാണ് സിബിഐ പരിശോധന നടക്കുന്നത്.
സിബിഐയുടെ രണ്ടു സംഘമാണ് ക്ലിഫ് ഹൗസിലെത്തിയത്. സിബിഐയുടെ രണ്ടാമത്തെ സംഘത്തിന്റെ വാഹനത്തിനു പിന്നാലേ ഓട്ടോറിക്ഷയിലാണ് പത്തു മണിയോടെ പരാതിക്കാരി എത്തിയത്. 2012 സെപ്റ്റംബർ 9ന് ക്ലിഫ് ഹൗസിൽവച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതിക്കാരി നൽകിയ പരാതി. സോളർ കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബിഐ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഹൈബി ഈഡൻ താമസിച്ചിരുന്ന എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ പരാതിക്കാരിയുമായി സംഘം തെളിവെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസയ്ക്കായി അമേരിക്കയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് ക്ലിഫ് ഹൗസിൽ പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് കേസ് പിണറായി സർക്കാർ സിബിഐയ്ക്കു വിട്ടത്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. സംഭവം നടന്നതായി പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് സമർപിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട ചില നേതാക്കളുടെ മൊഴി ഇതുവരെ സിബിഐ രേഖപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ നേതാക്കളുടെ മൊഴി എടുക്കാനാണ് സിബിഐ ആലോചിക്കുന്നത്.