കോഴിക്കോട്• കേരളത്തിന്റെ അഭിമാനമായ മറയൂർ കാടുകളിലെ ചന്ദന മരങ്ങളെ സംരക്ഷിക്കാൻ കോവിഡ് പ്രതിരോധത്തിനു സ്വീകരിച്ച മാർഗങ്ങൾ പകർത്താൻ സംസ്ഥാന വനം വകുപ്പ്. രോഗം ബാധിച്ച മരങ്ങളെ മുറിച്ച് നീക്കാനും മരങ്ങൾക്കിടയിൽ ‘സാമൂഹിക അകലം’ നിലനിർത്താനും ‘സമ്പർക്ക വിലക്ക്’ നടപ്പാക്കാനും വനം വകുപ്പ് തീരുമാനിച്ചു.
അതോടൊപ്പം നിലവിലുള്ള മരങ്ങൾക്കു രോഗബാധയുണ്ടോ എന്നു മുൻകൂട്ടി കണ്ടെത്താൻ കോവിഡ് പരിശോധനാ കിറ്റിന്റെ മാതൃകയിൽ പിസിആർ പരിശോധനാ മാർഗങ്ങൾ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെഎഫ്ആർഐ) കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഫോറസ്റ്റ് ജെനറ്റിക് ആൻഡ് ട്രീ ബ്രീഡിങിലെയും (ഐഎഫ്ജിടിബി) ഗവേഷണ സംഘം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു വ്യാപകമായി ഉപയോഗിക്കണോ എന്നത് ഉന്നതതലത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും.
പ്രതിരോധമോ ചികിത്സയോ ഇല്ലാത്ത സ്പൈക്ക് ഡിസീസാണ് ചന്ദനമരങ്ങൾക്ക് ബാധിച്ചിരിക്കുന്നത്. കരുത്തുള്ള മറ്റു മരങ്ങളിലേക്ക് ഇതു പടരാനും സാധ്യതയുണ്ട്. അതിനാൽ രോഗം വന്ന മരങ്ങളെ വേരോടെ പിഴുത് മാറ്റാനാണ് തീരുമാനമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. ഇതിൽ വിൽപ്പനയ്ക്കു സാധിക്കുന്ന മരങ്ങൾ ഡിപ്പോയിലേക്ക് മാറ്റി സൂക്ഷിക്കും. രോഗ വ്യാപനം തടയാനുള്ള താൽക്കാലിക നടപടിയെന്ന നിലയിലാണ് ഇതു ചെയ്യുന്നത്. അതിന്റെ മറവിൽ ചന്ദനമരങ്ങൾ വ്യാപകമായി മുറിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.