ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു.
കമൽനാഥിന്റെ രാജി സ്വീകരിച്ച ഹൈക്കമാൻഡ്, ഗോവിന്ദ് സിങ്ങിനെ നിയമസഭയിലെ കോൺഗ്രസ് കക്ഷിനേതാവായും പ്രതിപക്ഷ നേതാവായും നിയമിക്കുകയും ചെയ്തു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കൂടിയാണ് കമൽനാഥ്.
രാജി കോൺഗ്രസ് പ്രസിഡന്റ് അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കമൽനാഥിന് അയച്ച കത്ത് പുറത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിൽ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും കത്തിൽ പറയുന്നു.