കോടതി മുറിയിലെ നീണ്ട വാദങ്ങളോടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇത്ര ദീർഘമായ കോടതി രംഗങ്ങൾ അപൂർവമായി മാത്രമേ സിനിമയിൽഉണ്ടായിട്ടുളളൂ. പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നതോടൊപ്പം കൃത്യവും വ്യക്തവുമായ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് സിനിമ.
ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. വർത്തമാനകാല രാഷ്ട്രീയവും വ്യവസ്ഥിതിയും ഉൾക്കാമ്പോടെയാണ് സിനിമ അവതരിപ്പിക്കുന്നത്. അവിടെ കണ്ടും കേട്ടും അറിഞ്ഞ സംഭവങ്ങൾ തന്നെയാണ് ഇവിടെയും കാണാനാവുക. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികൾ തുറന്നു കാട്ടുന്ന സിനിമ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആ ചോദ്യങ്ങൾക്ക് പൂർണമായും ഉത്തരം തരാതെ പ്രേക്ഷകനോട് സ്വയം ചിന്തിക്കാൻ പറയുക കൂടിയാണ് സിനിമ.
ഒരു ഹൈവേയ്ക്കടുത്ത് ഒരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കാണപ്പെടുന്നു. സ്ത്രീയെ റേപ്പ് ചെയ്യപ്പെട്ടതിന് ശേഷമാണ് കൊല്ലപ്പെട്ടത് എന്നു വരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് വെളിപ്പെടുന്നതോടെ സംഭവത്തിന്റെ തീവ്രത വർധിക്കുന്നു. കുറ്റവാളികളെ പിടികൂടാൻ സാധിക്കാത്തതിനെതിരേ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പോലീസ് അടിച്ചമർത്തുന്നതോടെ വിഷയം ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് സജൻ കുമാർ വരുന്നത്. കുറ്റവാളികളെ കണ്ടെത്താനുളള പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമവും അവരുടെ നീക്കങ്ങളിലുടെയാുമാണ് കഥ സഞ്ചരിക്കുന്നത്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന നിരവധി രംഗങ്ങളുണ്ട്.
അതേസമയം, ഇരയെ വ്യക്തിഹത്യ നടത്തുന്ന, വേട്ടക്കാരുടെ പക്ഷം നിൽക്കുന്ന ആളുകളേയും കഥയിൽ ചിത്രീകരിക്കുന്നു. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായും ക്രിമിനലുകളായും മുദ്രകുത്തുന്ന പ്രവണതയെ സുവ്യക്തമായി സംവിധായകൻ അടയാളപ്പെടുത്തുന്നുണ്ട്. അങ്ങനെ കൃത്യമായ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് കഥയുടെ മുന്നോട്ടുപോക്ക്. അവിടെ ജനഗണമനയുടെ നയം വ്യക്തമാണ്.
അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിന്റേത്. മേലുദ്യോഗസ്ഥർ പറയുന്നത് മാത്രം ചെയ്യാൻ വിധിക്കപ്പെട്ട നിസ്സഹായനായ പോലീസ് ഉദ്യോഗസ്ഥൻ. കുറ്റവാളികളെ സമർത്ഥമായി പിടികൂടിയ സജൻ കുമാർ ഒരു എൻകൗണ്ടറിലുടെ അവരെ കൊല്ലുന്നതു മുതൽ കഥ മറ്റൊരു തലത്തിൽ എത്തുന്നു. തുടർന്ന് അദ്ദേഹം നേരിടുന്ന നിയമ നടപടികളാണ് കഥയിൽ.
കേസിൽ പ്രതിഭാഗം അഭിഭാഷകനായി എത്തുന്ന അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തേയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിനയമാണ് പൃഥ്വിരാജ് സിനിമയിലുടനീളം കാഴ്ചവെക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ടറായി ഷമ്മി തിലകന്റെ പ്രകടനവും പ്രശംസനീയമാണ്. മമ്ത മോഹൻദാസ്, ശാരി, വിൻസി അലോഷ്യസ് എന്നിവരും തങ്ങളുടെ റോളുകൾ മികവുറ്റതാക്കി.
കോടതി മുറിയിലെ നീണ്ട വാദങ്ങളോടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇത്ര ദീർഘമായ കോടതി രംഗങ്ങൾ അപൂർവമായി മാത്രമേ സിനിമയിൽ
ഉണ്ടായിട്ടുളളൂ. പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നതോടൊപ്പം കൃത്യവും വ്യക്തവുമായ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് സിനിമ. ആനുകാലിക വിഷയങ്ങളെ ഇന്നത്തെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും രാഷ്ട്രീയ അധികാരത്തിന് വേണ്ടി ചെയ്തുകൂട്ടുന്ന പ്രവർത്തികളും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.സാധാരണക്കാരുടെ അവകാശങ്ങൾക്ക് മുകളിലാണോ ക്രിമിനലുകളുടെ വ്യക്തിസ്വാതന്ത്ര്യമെന്ന ചോദ്യം ഉറച്ച ശബ്ദത്തിലാണ് ചിത്രം ചോദിക്കുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന കേട്ടു ശീലിച്ച വാക്യങ്ങളെ നായകൻ തന്നെ തിരുത്തുന്നുണ്ട്.
ഞെട്ടിക്കുന്ന ക്ലൈമാക്സ് ട്വിസ്റ്റുകൾ കൂടി ചേരുമ്പോൾ സിനിമ വേറിട്ട ആസ്വാദനതലത്തിലാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്. കാലികപ്രസക്തിയുളള വിഷയം തനിമ ചോരാതെ അവതരിപ്പിക്കുന്നതോടൊപ്പം പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിപ്പിക്കാനും സിനിമയ്ക്കായിട്ടുണ്ട്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥ അഭിനന്ദനാർഹമാണ്. ഉൾപ്പേറുന്ന രാഷ്ട്രീയം കൊണ്ടും വിഷയത്തിന്റെ അവതരണം കൊണ്ടുമെല്ലാം ഒരു പാൻ ഇന്ത്യൻ സിനിമയാണ് ജനഗണമന.