രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് മൂന്നാഴ്ചക്കിടെ രണ്ടാം തവണയും വിജയകരമായി ബഹിരാകാശ സഞ്ചാരികളെ എത്തിച്ച് സ്‌പേസ് എക്‌സ്. നാസക്കുവേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ 4 ദൗത്യം ഡ്രാഗണ്‍ ക്യാപ്‌സ്യൂളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 27ന് യൂറോപ്യന്‍ സമയം രാത്രി 7.37നായിരുന്നു ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 16 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയ ഈ ബഹിരാകാശ ദൗത്യം ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നടത്തിയ ഡ്രാഗണ്‍ ദൗത്യങ്ങളില്‍ ഏറ്റവും വേഗമേറിയതാണ്.
പസിഫിക് സമുദ്രത്തിന് മുകളിലായി 420 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുമ്പോഴാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഡ്രാഗണ്‍ ക്രൂ എത്തിച്ചേര്‍ന്നത്. നാല് ബഹിരാകാശ സഞ്ചാരികളെയാണ് സ്‌പേസ് എക്‌സ് ഇക്കുറി നിലയത്തിലെത്തിച്ചിരിക്കുന്നത്. നാസയുടെ കെല്‍ ലിന്‍ഗ്രന്‍, ബോബ് ഹൈന്‍സ്, ജെസീക്ക വാറ്റ്കിന്‍സ് എന്നിവരും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാമന്ത ക്രിസ്റ്റോഫൊരേറ്റിയുമാണ് ക്രൂ 4 സംഘത്തിലുണ്ടായിരുന്നത്. വരുന്ന ആറ് മാസക്കാലം ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയും.
ഏഴ് ബഹിരാകാശ സഞ്ചാരികള്‍ ക്രൂ 4 വരുമ്പോള്‍ തന്നെ രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ട്. നാസയുടെ തോമസ് മാഷ്‌ബേണ്‍, കെയ്‌ല ബാരണ്‍, രാജ ചാരി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മത്തിയാസ് മോറര്‍, റഷ്യയുടെ ഒലേഗ് അര്‍ട്ടെമ്യേവ്, ഡെന്നിസ് മറ്റ്‌വീവ്, സെര്‍ജി കൊര്‍സകോവ് എന്നിവരാണ് നേരത്തേ ബഹിരാകാശ നിലയത്തില്‍ ഉണ്ടായിരുന്നത്.
അധികം വൈകാതെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ എണ്ണം കുറയുകയും ചെയ്യും. മെയ് നാലിന് മാഷ്‌ബേണ്‍, ബാരണ്‍, ചാരി, മോറര്‍ എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങുക. സ്‌പേസ് എക്‌സിന്റെ നവംബറിലെത്തിയ ക്രൂ 3 ദൗത്യത്തിന്റെ മടക്കയാത്രയിലാണ് ഇവര്‍ ഭൂമിയിലെത്തുക.
നാസക്കുവേണ്ടി ഐഎസ്എസിലേക്ക് സ്‌പേസ് എക്‌സ് നടത്തിയ നാലാമത്തെ മനുഷ്യ ദൗത്യമാണ് ക്രൂ 4. സ്വകാര്യ വ്യക്തികളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ബഹിരാകാശ യാത്ര (എഎക്‌സ് 1) ഏപ്രില്‍ ഒൻപതിന് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ നടത്തിയിരുന്നു. ഹൗസ്റ്റണ്‍ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ആക്‌സിം സ്‌പേസാണ് നാലംഗ സംഘത്തെ ബഹിരാകാശത്ത് എത്തിച്ചത്. ഇതില്‍ മൂന്നു പേരും പണം നല്‍കിയാണ് ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റ് നേടിയത്. നാലാമത്തെയാള്‍ മുന്‍ നാസ ബഹിരാകാശ സഞ്ചാരിയും നിലവില്‍ ആക്‌സിമിലെ ജീവനക്കാരനുമായ മൈക്കല്‍ ലോപസ് അലെഗ്രിയയായിരുന്നു.
എഎക്‌സ് 1 എന്ന് പേരിട്ടിരുന്ന ഈ ബഹിരാകാശ യാത്ര ഏപ്രില്‍ 19നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇത് ഏപ്രില്‍ 24ലേക്ക് നീട്ടേണ്ടി വന്നു. ഇതോടെ ക്രൂ 4 യാത്ര ഏപ്രില്‍ 23ല്‍ നിന്നും ഏപ്രില്‍ 27ലേക്ക് മാറ്റേണ്ടിയും വന്നിരുന്നു.