മുസ്ലീം സമുദായത്തിൽപ്പെട്ടവർ നോമ്പ് ആചരിക്കുന്ന സമയമാണിത്. മണിക്കൂറുകൾ നീണ്ട ഉപവാസത്തിന്ശേഷം നോമ്പ് തുറക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ, ആ സമയത്ത് അവശ്യകാര്യങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ചിലപ്പോൾ നോമ്പ് തുറക്കാനുള്ള സൗകര്യമുണ്ടായെന്ന് വരില്ല. എന്നാൽ, നോമ്പുതുറ സമയത്ത് ഇന്ത്യൻ റെയിൽവെ നോമ്പ് തുറവിഭവങ്ങൾ തന്ന് സഹായിച്ചത് വിവരിച്ചുകൊണ്ടുള്ള യുവാവിന്റെ ട്വീറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഹൗറ-റാഞ്ചി ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു ഷാനവാസ് അഖ്തർ എന്ന യുവാവ്. യാത്രക്കിടെ നോമ്പ് തുറക്കാനുള്ള സമയമായി. ധൻബാദിലെത്തിയപ്പോൾ സ്നാക്സുമായി പാൻട്രി ജീവനക്കാരൻ അരികിലെത്തി. സ്നാക്സ് മേടിച്ചശേഷം നോമ്പ് എടുക്കുന്നതിനാൽ കുറച്ച് സമയത്തിന് ശേഷം ചായ കൊണ്ടുവന്ന് തരുമോ എന്ന് ഷാനവാസ് അയാളോട് ചോദിച്ചു. ഉപവാസത്തിലാണോ എന്ന് അയാൾ തിരികെ ചോദിച്ചു. അതെയെന്ന് ഷാനവാസ് മറുപടി നൽകി. കുറച്ചുസമയത്തിന് ശേഷം ഇഫ്താർ വിഭവങ്ങളുമായി മറ്റൊരാൾ എത്തിയെന്ന് ട്വീറ്റിൽ ഷാനവാസ് പറഞ്ഞു. ഇന്ത്യൻ റെയിൽവെയുടെ അനുകമ്പ നിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിച്ചും പ്രകീർത്തിച്ചും നിരവധിപേരാണ് ഷാനവാസിന്റെ ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്.
എന്നാൽ, ഷാനവാസിനുള്ള ഇഫ്താർ തയ്യാറാക്കിയത് അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കാറ്ററിങ് മാനേജർ ആയിരുന്നുവെന്ന് പിന്നീട് ഐ.ആർ.സി.ടി.സി. വ്യക്തമാക്കി. കാറ്റിങ് മാനേജറും നോമ്പ് തുറക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം യാത്രക്കാരൻ ഉണ്ടായിരുന്ന അതേ കോച്ചിലാണ് ഉണ്ടായിരുന്നത്. ഷാനവാസ് നോമ്പിലാണെന്ന് അറിയിച്ചു. തുടർന്ന് ജീവനക്കാരൻ തന്റെ ഇഫ്താർ വിഭവങ്ങൾ ഷാനവാസുമായി പങ്കുവയ്ക്കുകയായിരുന്നു. ഇത് മനുഷ്യത്വമാണ്-ഐ.ആർ.സി.ടി.സി. ഓൺ ബോർഡ് കാറ്ററിങ് സൂപ്പർവൈസർ പ്രകാശ് കുമാർ ബെഹ്റ പറഞ്ഞു.
ഷാനവാസിന്റെ ട്വീറ്റിന് മറുപടിയുമായി കേന്ദ്ര റെയിൽവെ സഹമന്ത്രി ദർശന ജർദോശും രംഗത്തെത്തി. ഇന്ത്യൻ റെയിൽവേ കുടുംബത്തെ മുഴുവൻ നിങ്ങളുടെ ട്വീറ്റ് സ്പർശിച്ചുവെന്നും നല്ലൊരു ഭക്ഷണം ലഭിച്ചുവെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നതിന്റെ മികച്ച ഉദാഹരണമാണിതെന്നും അവർ കൂട്ടിച്ചേർത്തു.