ലോകത്തിലെ ഏറ്റവും വലിയ ധനികനും സ്പേസ്എക്സ്, ടെസ്‌ല കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് രണ്ടു വർഷത്തിനുള്ളിൽ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നു പറഞ്ഞുള്ള അഭ്യൂഹവും ക്യാംപെയ്നും ശക്തമാക്കി ട്വിറ്ററാറ്റി. സമൂഹമാധ്യമ വമ്പനായ ട്വിറ്ററിനെ അദ്ദേഹം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണം വന്നതിനു തൊട്ടുപിന്നാലെയാണു അഭ്യൂഹം ശക്തമായത്.
ആഗ്രഹിക്കുന്നതെല്ലാം നടത്തിയെടുക്കാൻ ശേഷിയുള്ള ഇലോൺ മസ്ക് പ്രസിഡന്റ് സ്ഥാനത്തേക്കു വരാൻ തങ്ങൾ ആഗ്രഹിക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ഫോളോവേഴ്സിൽ പലരുടെയും ആവശ്യം. ലോകത്തേറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള സംരംഭകനാണു മസ്ക്. 8.4 കോടി ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ഇലോൺ മസ്ക് പ്രസിഡന്റാകുന്നതു സംബന്ധിച്ചുള്ള നിരവധി ട്രോളുകളും മീമുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൂപ്പർഹീറോ കോസ്റ്റ്യൂം അണിഞ്ഞ് ന്യൂയോർക്ക് നഗരത്തെ നോക്കി മസ്ക് നിൽക്കുന്നതായിരുന്നു ഇതിൽ ഏറെ ശ്രദ്ധ നേടിയ ഒരു ട്രോൾ.
ക്യാംപെയ്നിന്റെ ഭാഗമാകുന്നവർ എടുത്തുപറയുന്നത് ഒരു കാര്യമാണ്. 1980കളിൽ ഡോണൾഡ് ട്രംപും ഇങ്ങനെയായിരുന്നു. ടിവി മാധ്യമങ്ങളിലും വിനോദ പരിപാടികളിലും കൂടി നിറഞ്ഞുനിന്ന ഷോമാൻ. അദ്ദേഹം പിന്നീട് പതിറ്റാണ്ടുകൾക്കിപ്പുറം അമേരിക്കൻ പ്രസിഡന്റായി. അതേ നിയോഗമാണത്രേ മസ്കിനെയും കാത്തിരിക്കുന്നത്.