പാരീസ്: ഫ്രാൻസിൽ പ്രസിഡന്റ് എമ്മാനുവേൽ മാക്രോണിന് അധികാരത്തുടർച്ച. വാശിയേറിയ മത്സരത്തിൽ എതിരാളിയായ മാരിൻ ലെ പെന്നിനെ മാക്രോൺ പരാജയപ്പെടുത്തിയതായി പ്രാഥമികഫലങ്ങൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച നടന്ന അന്തിമഘട്ടവോട്ടെടുപ്പിൽ 63.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2017-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇവർ തമ്മിലായിരുന്നു അന്തിമപോരാട്ടം.
ഇതോടെ 20 വർഷത്തിനുശേഷം ഫ്രാൻസിൽ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോൺ സ്വന്തമാക്കി. പരാജയം അംഗീകരിച്ച ലെ പെൻ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു.എൻ മാർച്ചെ പാർട്ടിയുടെ സ്ഥാനാർഥിയും മധ്യമാർഗിയുമാണ് മാക്രോൺ.
ഫ്രാൻസിന്റെ തലപ്പത്ത് അഞ്ചു വർഷം കൂടി തുടരാൻ അനുവദിച്ചതിന് വോട്ടർമാരോട് മാക്രോൺ നന്ദി അറിയിച്ചു.
‘ഞാൻ ഇനി ഏതെങ്കിലും ഒരു ക്യാമ്പിന്റെ സ്ഥാനാർഥിയല്ല. മറിച്ച് എല്ലാവരുടേയും പ്രസിഡന്റാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.