റെയില്‍വെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലേക്ക് സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂവെന്ന് ഇന്ത്യന്‍ റെയില്‍വെ

0
34

രാജ്യത്തെ 60 പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലേക്ക് സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂവെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. പ്രധാന നഗരങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളില്‍ ഈ നയം ഉടന്‍ നടപ്പിലാക്കി തുടങ്ങും.

ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ പലപ്പോഴും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്, പ്രത്യേകിച്ച് അവധി ദിവസങ്ങളിലും ഉത്സവങ്ങളിലും. ബന്ധുക്കളെ കൊണ്ടുവിടാനും സ്വീകരിക്കുന്നതിനുമായി ധാരാളം ആളുകള്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ എത്തും. റെയില്‍വെ സ്‌റ്റേഷനുകളില്‍ അനാവശ്യമായ തിരക്ക് കുറയ്ക്കുവാനും യാത്രക്കാരുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഈ പുതിയ നിയമം സഹായിക്കുമെന്നാണ് കരുതുന്നത്.

ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍(ഡല്‍ഹി), ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്(മുംബൈ), ഹൗറ ജംഗ്ഷന്‍(കൊല്‍ക്കത്ത), ചെന്നൈ സെന്‍ട്രല്‍(ചെന്നൈ), ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍(ബെംഗളൂരു) തുടങ്ങി രാജ്യത്തെ തിരക്കേറിയ 60 റെയില്‍വെ സ്റ്റേഷനുകളിലാണ് പുതിയ നിയന്ത്രണം നടപ്പിലാക്കുന്നത്. തിരക്കിന് അനുസരിച്ച് മറ്റ് റെയില്‍വെ സ്റ്റേഷനുകളില്‍കൂടി ഈ തീരുമാനം വ്യാപിപ്പിച്ചേക്കും.

കുറച്ചുദിവസത്തേക്ക് ഈ നയം റെയില്‍വെ സ്റ്റേഷനുകളില്‍ അസൗകര്യമുണ്ടാക്കുമെങ്കിലും ക്രമേണ യാത്രാനുഭവം മെച്ചപ്പെടുത്തുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍
സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് റിസര്‍വേഷന്‍ ഉറപ്പാക്കണമെന്ന് റെയില്‍വെ നിര്‍ദേശിച്ചു.ഉത്സവ സീസണുകളിലും മറ്റും പുതിയ തീരുമാനം നിര്‍ണായകമാകും. ടിക്കറ്റ് ഉള്ള യാത്രക്കാര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുക വഴി പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയും.

കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വലിയ തിരക്കുള്ള സ്റ്റേഷനുകളില്‍ ഫലപ്രദമായ രീതിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ആവശ്യകത മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here