ന്യൂഡല്‍ഹി: ഐ.എ.എസ്. ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും, ഭഗവദ് ഗീതയിലുമൂന്നിയ തദ്ദേശീയ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ‘പുതിയ ഇന്ത്യ’ എന്ന കാഴ്ചപ്പാടിനനുസൃതമായി, ഭാവിയിലെ വെല്ലുവിളികളെ നേരിടേണ്ടുന്ന വിധത്തില്‍ ഉദ്യോഗസ്ഥരുടെ മനോഭാവവും, വൈദഗ്ധ്യവും, അറിവും രൂപപ്പെടുത്താനുള്ള പുതിയ പരിശീലനമാണ് കര്‍മയോഗി കോഴ്‌സിലൂടെ ലക്ഷ്യമാക്കുന്നത്.
നീണ്ട ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇത് രൂപപ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 32 ലക്ഷം കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കാവും ആദ്യഘട്ടത്തില്‍ പരിശീലനം. കര്‍മയോഗിയില്‍ നിലവില്‍ 46 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10.4 ലക്ഷം പേര്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്രസര്‍വീസിലുള്ളവര്‍ക്കുള്ള പരിശീലനത്തിനൊപ്പം സംസ്ഥാനതലത്തിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന.
2047-ല്‍ വികസിത ഭാരതം’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി 2021-ല്‍ രൂപവത്കരിച്ച കപ്പാസിറ്റി കമ്മിഷനാണ് Karmayogi Competence Framework ഉണ്ടാക്കിയത്. മസൂറിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി ദേശീയ അക്കാദമി അടക്കമുള്ള സര്‍ക്കാരിന്റെ പരിശീലന കേന്ദ്രങ്ങളിലെല്ലാം ഇതടിസ്ഥാനമാക്കിയാവും ഭാവിയില്‍ പരിശീലനം.
സ്വാധ്യായ് (ആത്മപഠനം), സഹകാര്യത (സഹകരണം), രാജ്യകര്‍മ ( കൃത്യനിര്‍വഹണം), സ്വധര്‍മ (പൗരസേവനം) എന്നിങ്ങനെ ഭാരതീയ ചിന്തയിലധിഷ്ഠിതമായ സാമൂഹികസേവന സിദ്ധാന്തമായിരിക്കും ഇതിന്റെ കാതല്‍. ബ്രിട്ടീഷ് ഭരണകാലയളവിൽ ഉണ്ടാക്കിയെടുത്ത പരിശീലന മോഡലുകൾ, സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്തുടരുന്നതിലെ ഔചിത്യമില്ലായ്മ തിരുത്തുക കൂടിയാണ് പുതിയ പദ്ധതിയിലൂടെയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
60 മന്ത്രാലയങ്ങളിലെയും, 93 വകുപ്പുകളിലെയും, 2600 സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഇതിന്റെ ഭാഗമാവും. കര്‍മയോഗിയുടെ ഭാഗമായി ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിങ് (ഐഗോട്ട്) എന്ന പോര്‍ട്ടലില്‍ 1500 കോഴ്സുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 5000 ആക്കും. നേരത്തെ നാമമാത്രമായ കോഴ്സുകളായിരുന്നു ഉണ്ടായിരുന്നത്. ഈ കോഴ്സുകളില്‍ കുറഞ്ഞത് നാലു മണിക്കൂര്‍ പരിശീലനമെങ്കിലും പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇത് വര്‍ഷത്തില്‍ 50 മണിക്കൂറായി വര്‍ധിപ്പിക്കും. ഇതിനായി ദേശീയ പഠനവാരവും നടപ്പില്‍വരും.
ഒക്ടോബറില്‍ സെക്രട്ടറിമാരുമായി നടത്തിയ അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഗോട്ട് പരിശീലന വിഷയം ഉന്നയിച്ചിരുന്നു. അതത് വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥരും അവരുടെ പരിശീലന മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഇതു പ്രകാരം ഒക്ടോബര്‍ 18-ന് വാര്‍ത്താവിതരണ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ 19-ന് പ്രധാനമന്ത്രി തുടക്കംകുറിക്കുന്ന ദേശീയ പഠനവാരത്തില്‍ ഐ ഗോട്ട് പോര്‍ട്ടലില്‍ കുറഞ്ഞത് നാല് മണിക്കൂര്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
19 മുതല്‍ 25 വരെയുള്ള കാലയളവില്‍ ഈ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും, അല്ലാത്ത പക്ഷം അത് ഗൗരവമായി കാണുമെന്നും ഉത്തരവില്‍ പറഞ്ഞു. ഇത് പൂര്‍ത്തിയാക്കാത്തവരുടെ ശമ്പളം തടയാന്‍ പിന്നീട് ഉത്തരവിട്ടത്, ഉദ്യോഗസ്ഥ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു
കര്‍മ യോഗി കോഴ്സുകളില്‍ ചിലത്
- വികസിത ഭാരതം
- പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍
- ജോലിസ്ഥലത്തെ ചെയര്‍ യോഗ
- സമ്മര്‍ദ-ദേഷ്യ നിയന്ത്രണം
- പൗരകേന്ദ്രീകരണം
- ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍
- എ.ഐ.യും മെഷിന്‍ ലേണിങ്ങും