കണ്ണൂര്‍: കണ്ണൂര്‍ പുന്നോലിലെ സി പി ഐ എം പ്രവര്‍ത്തകനായ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ അധ്യാപിക രേഷ്മ ജാമ്യം ലഭിച്ച് ഇറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയത് ബി ജെ പി നേതാവ്. തലശേരി നഗരസഭാ കൗണ്‍സിലറും ബി ജെ പി നേതാവുമായ അജേഷാണ് രേഷ്മയെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തിയത്. ശനിയാഴ്ച വൈകീട്ടാണ് രേഷ്മ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രേഷ്മയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് രേഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പിണറായി- ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം എന്നീ ഉപാധികളാണ് തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യ വ്യവസ്ഥയില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്
50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രേഷ്മ പുറത്തിറങ്ങിയിരിക്കുന്നത്. ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതിനാണ് രേഷ്മയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിജിലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രിയോടെയാണ് അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ രേഷ്മ വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. ഇതിനിടെ രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സി പി ഐ എം അനുഭാവികളാണെന്ന പ്രചരണം തള്ളി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പിണറായി ഏരിയ സെക്രട്ടറി കെ ശശിധരനും രംഗത്തെത്തി. പ്രശാന്തിന് സി പി ഐ എമ്മുമായി ഒരു ബന്ധവുമില്ലെന്നും സമീപകാലത്തായി ആര്‍ എസ് എസുമായാണ് പ്രശാന്ത് അടുപ്പവും ബന്ധവും പുലര്‍ത്തിയതെന്നും ശശിധരന്‍ പറഞ്ഞു. ശബരിമല വിധിയെ തുടര്‍ന്ന് പരസ്യമായി ആര്‍ എസ് എസ് അനുകൂല നിലപാടാണ് സ്വീകരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് പശ്ചാത്തലത്തില്‍ 2021 ല്‍ അണ്ടലൂര്‍ കാവിലെ ഉത്സവം ജനക്കൂട്ടമില്ലാതെ നടത്താന്‍ ക്ഷേത്രകമ്മിറ്റിയും ഊരാളന്മാരും തറവാട്ടുകാരും തീരുമാനിച്ചപ്പോള്‍ അതിനെതിരെ ആര്‍ എസ് എസ് നടത്തിയ നാമജപഘോഷയാത്രക്ക് സഹായം ചെയ്തതും പ്രശാന്ത് ഉള്‍പ്പെട്ട സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം കുടുംബസ്വത്താണെന്ന വാദം ഉന്നയിച്ച് വിഭാഗീയത സൃഷ്ടിക്കാനും ശ്രമിച്ചുവെന്നും ശശിധരന്‍ കൂട്ടിച്ചേര്‍ത്തു. ഈ ബന്ധത്തിന്റെ കൂടി ഭാഗമായാണ് പ്രശാന്തിന്റെ ഭാര്യ രേഷ്മ കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.
പ്രശാന്തിന് സി പി ഐ എമ്മുമായി ഒരു ബന്ധവുമില്ലെന്നും പല വിഷയങ്ങളിലും ആര്‍ എസ് എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് ഇയാളെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കുറ്റപ്പെടുത്തി. കൊവിഡ് നിയന്ത്രണത്തിനെതിരെ ആര്‍ എസ് എസുകാര്‍ നടത്തിയ സമരങ്ങള്‍ക്കൊപ്പം നിന്നയാള്‍ എങ്ങനെയാണ് സി പി ഐ എം അനുഭാവി ആവുക എന്നും എം വി ജയരാജന്‍ ചോദിച്ചു. ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ എസ് എസ് ബന്ധം വ്യക്തമാകും എന്നും എം വി ജയരാജന്‍ പറഞ്ഞു.