വീട്ടു ചെലവുകൾ കുട്ടികള്‍ നടത്തട്ടെ, അതും ഇങ്ങനെ സ്മാർട്ടായി തന്നെ.
ചെറുപ്രായം മുതൽ സമ്പാദ്യശീലം കുട്ടികളിൽ വളർത്തിയെടുക്കുക എന്നുള്ളത് പുതിയ കാര്യമല്ല. എല്ലാ മാതാപിതാക്കളും ഇതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. പക്ഷേ, ചെറുപ്രായം മുതൽ തന്നെ തങ്ങളുടെ മേൽനോട്ടത്തിൽ, പണം ചെലവഴിക്കാനുള്ള അവസരവും, ശീലവും കൂടി കുട്ടികളിൽ വളർത്തിയെടുക്കണം. എന്നാൽ, സ്വന്തമായി വരുമാനമുണ്ടാക്കിയിട്ടു മതി കുട്ടികൾ സ്വന്തമായി ചെലവഴിക്കാൻ എന്നാണ് പല മാതാപിതാക്കളും പങ്കുവെക്കുന്ന ആശങ്കകൾ.
പണ്ടത്തെ രീതിയിലുള്ള സമ്പാദ്യശീലം പഠിച്ചെടുക്കാൻ വലിയ പ്രയാസമില്ല. മൺകുടുക്കയിലും പൗഡർ ടിന്നിലുമൊക്കെയായി ചില്ലറ നാണയങ്ങൾ ഇട്ടുകൊണ്ടായിരിക്കുമല്ലോ പണ്ടൊക്കെ മിക്കവരും തങ്ങളുടെ സമ്പാദ്യശീലം തുടങ്ങിയിട്ടുണ്ടാവുക.
എന്നാൽ ഇന്നാവട്ടെ ബാങ്കിലെ സേവിങ്സ് അക്കൗണ്ട്, ആർ ഡി, എസ് ഐ പി തുടങ്ങി സമ്പാദ്യശീലം വളർത്താൻ മാർഗങ്ങൾ അനേകമാണുള്ളത്. അതിനനുസരിച്ചുള്ള മാറ്റങ്ങളാണ് കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ടുകളിലും വന്നിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, സമ്പാദ്യശീലം വളർത്താൻ മാത്രമേ കുടുക്കയ്ക്കു സാധിക്കൂ. ബാങ്ക് അക്കൗണ്ട് ആവട്ടെ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം തന്നെ, ചിട്ടയോടെ എങ്ങനെയാണ് പണം ചെലവഴിക്കേണ്ടതെന്നും, ബാങ്കിടപാടുകൾ നടത്തുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റുമുള്ള സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ കൂടി കുട്ടികളെ പരിചയപ്പെടുത്തുന്നു.
സ്മാർട്ടായി പണമിടപാടുകൾ നടത്തുന്ന കുട്ടികൾക്ക്, സാധനങ്ങളുടെയെല്ലാം വില മനപ്പാഠമാകുന്നു എന്നതു കൂടാതെ, ഏതു ബ്രാൻഡാണ് നല്ലതെന്നും, ഏതിനാണ് വിലക്കുറവെന്നുമൊക്കെ ഒരുപക്ഷെ മാതാപിതാക്കളെക്കാൾ കൂടുതൽ കുട്ടികൾക്ക് ധാരണയുണ്ടാവാം എന്നു പോലും പറയാം.
സ്വന്തം പേരിലുള്ള ഡെബിറ്റ് കാർഡ് സ്വൈപ് ചെയ്യുന്നതിലെ സന്തോഷത്തിലുപരി, അങ്ങനെ സ്വൈപ് ചെയ്യുമ്പോൾ കിട്ടുന്ന റിവാർഡ് പോയിന്റുകൾ കുട്ടികളിൽ ആവേശമുണ്ടാക്കുകയും, കൂടുതൽ സമ്പാദ്യ ശീലം വളർത്തുകയും ചെയ്യും.
മുതിർന്നവരുടെ അക്കൗണ്ടുകളിലുണ്ടായ മാറ്റങ്ങളുടെ ചുവടു പിടിച്ച് കുട്ടികളുടെ അക്കൗണ്ടുകളിലും ഒട്ടനവധി ഡിജിറ്റൽ സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. എ ടി എം കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് എന്നതു കൂടാതെ നിശ്ചിതപരിധിക്കുള്ളിലുള്ള ഓൺലൈൻ ഷോപ്പിങും ബന്ധപ്പെട്ട ഓഫറുകളുമൊക്കെ കുട്ടികളുടെ അക്കൗണ്ടുകളിൽ ലഭ്യമാണ്.
പത്തുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായും പത്തിനു താഴെയുള്ളവർക്ക് രക്ഷാകർത്താവുമായി ചേർന്നുമാണ് അക്കൗണ്ട് തുടങ്ങാനാവുന്നത്. പ്രായപൂർത്തിയാവുന്ന മുറയ്ക്ക് ആധാറിന്റെ കോപ്പി ബാങ്കിൽ നൽകി മുതിർന്നവർക്കുള്ള അക്കൗണ്ടാക്കി മാറ്റാവുന്നതാണ്.
കുട്ടികൾ ഇടപാടു നടത്തി പരിശീലിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് അക്കൗണ്ടുകൾ തുടങ്ങുന്നത് എന്നതിനാൽ കാർഡുപയോഗിച്ചുള്ള ഇടപാടുപരിധി മിക്ക ബാങ്കുകളും 5000 രൂപയ്ക്കു താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടിൽ സ്വന്തം മൊബൈൽ നമ്പരാണ് നൽകുന്നതെങ്കിൽ ഇടപാടുവിവരങ്ങളെല്ലാം തത്സമയം തന്നെ രക്ഷാകർത്താവിന് അറിയാനും സാധിക്കുന്നതാണ്.
കുട്ടികൾക്കുള്ള അക്കൗണ്ടുകൾ ഒരുക്കിയിരിക്കുന്ന ചില ബാങ്കുകൾ…
– ഫെഡറൽ ബാങ്കിന്റെ ഫെഡ് ഫസ്റ്റ്…
– സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെഹലാ കദം, പെഹലി ഉഡാൻ എന്നിവ…
– എച്ച് ഡി എഫ് സി ബാങ്കിന്റെ കിഡ്സ് അഡ്വാന്റേജ് അക്കൗണ്ട്.
സമ്പാദ്യ ശീലം വളർത്തുകയും, തന്റെ കയ്യിലുള്ള ധനത്തെ ഉത്തരവാദിത്ത ബോധത്തോടെയും , ബഹുമാനത്തോടെയും നല്ലതിനും, ആവശ്യത്തിനും വേണ്ടി മാത്രം ചിലവാക്കുവാൻ കുട്ടികളെ ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചാൽ എങ്ങനെ ധനം നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്നും, ഒരു സാമ്പത്തിക അച്ചടക്കത്തിന്റെ തുടക്കവും അവരിൽ വളർത്തിയെടുക്കാം.