ഇ-ഷോപ്പിങ്ങിൽ സ്ത്രീകളേക്കാൾ പണം ചെലവഴിക്കുന്നത് പുരുഷൻമാരെന്ന് പഠനം.

0
52

പുരുഷൻമാരേക്കാൾ, ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്നത് സ്ത്രീകളാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. എന്നാൽ, ഇ-ഷോപ്പിങ്ങിനായി സ്ത്രീകളേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് പുരുഷൻമാരാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഐഐഎം അഹമ്മദാബാദ് ആണ് പഠനം നടത്തിയത്.

ഓൺലൈനായി നടത്തിയ സർവേയിൽ 25 സംസ്ഥാനങ്ങളിൽ നിന്നായി 35,000 പേരാണ് പങ്കെടുത്തത്. ഓൺലൈൻ ഷോപ്പിംഗിനായി പുരുഷന്മാർ ശരാശരി 2,484 രൂപ ചെലവഴിക്കുന്നതായി സർവേയിൽ കണ്ടെത്തി. ഇത് സ്ത്രീകൾ ചെലവഴിച്ചതിനേക്കാൾ 36 ശതമാനം കൂടുതലാണ്. സ്ത്രീകൾ ഇതിനായി ശരാശരി 1,830 രൂപ ചെലവഴിച്ചതായാണ് കണ്ടെത്തിയത്. ‘Digital Retail Channels and Consumers: The Indian Perspective’ എന്ന പേരിലുള്ള സർവേ റിപ്പോർട്ട് ഞായറാഴ്ചയാണ് പുറത്തു വിട്ടത്.

സർവേയിൽ പങ്കെടുത്ത 47 ശതമാനം പുരുഷന്മാരും 58 ശതമാനം സ്ത്രീകളും ഓൺലൈനിലൂടെ തങ്ങൾ ഫാഷൻ വസ്ത്രങ്ങൾ വാങ്ങുന്നവരാണെന്ന് വെളിപ്പെടുത്തി. 23 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളും ഓൺലൈനായി ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ടയർ-1 നഗരങ്ങളെ അപേക്ഷിച്ച്, ജയ്പൂർ, ലഖ്‌നൗ, നാഗ്പൂർ, കൊച്ചി മുതലായ ടയർ-2 നഗരങ്ങളിൽ ഉള്ളവർ ഫാഷനു വേണ്ടി 63 ശതമാനം കൂടുതലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കു വേണ്ടി 21 ശതമാനം കൂടുതലും പണം ഓൺലൈൻ ഷോപ്പിങ്ങിലൂടെ ചെലവഴിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫാഷൻ ഉത്പന്നങ്ങളും വസ്ത്രങ്ങളും വാങ്ങുമ്പോൾ 87 ശതമാനം പേരും പേർ ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർ ആണെന്നും സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here