ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലും വിലക്ക് തീരുമാനിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള എല്ലാ ആഹ്‌ളാദപ്രകടനങ്ങൾക്കും നിരോധനം നിലനില്‍ക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് തീരുമാനം ബാധകം.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് ഇത്രമാത്രം കോവിഡ് വ്യാപനത്തിന് കാരണം കമ്മിഷന്‍ ആണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. രാഷ്ട്രീയ പാര്‍ട്ടികളെ റാലികളും, വലിയ ജനസംഗമങ്ങളും നടത്തിക്കാതെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഉത്തരവാദിത്തമില്ലാത്ത ഭരണഘടന സ്ഥാപനമെന്നാണ് കമ്മിഷനെ കോടതി വിശേഷിപ്പിച്ചത്. ഇപ്രകാരമാണ് സമീപനമെങ്കില്‍ മെയ് രണ്ടിന് തിരിഞ്ഞെടുപ്പ് ഫലം പ്രഖ്യാപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. അല്ലെങ്കില്‍ കൃത്യമായ കോവിഡ് 19 മാനദണ്ഡങ്ങള്‍ ഏന്തെല്ലാമെന്ന് ബോദ്ധ്യപ്പെടാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വിലക്കല്‍ തീരുമാനമെന്നാണ് സൂചന.
അതിജീവനവും സുരക്ഷയുമാണ് ഇപ്പോള്‍ പ്രധാനം. മറ്റെല്ലാം അതിനു ശേഷമാണ് വരികയെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം ഭരണഘടനാ സ്ഥാപനങ്ങളെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് അത്യധികം സങ്കടകരമാണ്. പൗരന്മാര്‍ ജീവനോടെ അവശേഷിച്ചാല്‍ മാത്രമാണ് രാജ്യം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങള്‍ ആസ്വദിക്കാനാകുകയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനെതിരെ രാജ്യത്തെ ഒരു കോടതി ഇത്ര രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത് ആദ്യമായാണ്.