തൃശ്ശൂർ : മറ്റു വർഷങ്ങളിലെ പോലെ തന്നെ ഈ വർഷത്തേയും പൂരം നടത്തണമെന്ന ഉറച്ച നിലപാടിലാണ് തിരുവാമ്പാടി-പാറമ്മേക്കാവ് ദേവസ്വം ബോർഡുകൾ. ഇതുമായി ഇവർ ഭരണ കൂടത്തോട് ഇടഞ്ഞ നിലപാടാണ് എടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ മാറ്റി വച്ച് മുൻ വർഷങ്ങളിലെ പോലെ തന്നെ പൂരം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ഇരു ദേവസ്വ ഉടമകളും മുന്നറിയിപ്പ് നൽകി.
പൂരം നടത്തിപ്പിൽ യാതൊരു തരത്തിലും വിട്ടു വീഴ്ചയില്ലെന്നാണ് പാറമ്മേക്കാവ് – തിരുവമ്പാടി ക്ഷേത്ര ഉടമകളുടെ നിലപാട്. പൂരം വിളംബരം അറിയിച്ചുള്ള ചടങ്ങ് മുതൽ, അവസാനം വരെയുള്ള ചടങ്ങുകളിൽ ഒന്നു പോലും വെട്ടി കുറയ്ക്കരുതെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യങ്ങളെല്ലാം, ജില്ലാ ഭരണകൂടത്തെയും, സർക്കാരിനെയും അറിയിക്കും.
ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ പൂരം നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും. പൂരം നടത്തിപ്പിനായി സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടും അറിയിച്ചിരിക്കുന്നത്.