സിസ്റ്റർ നു തവാങ്ങിന്റെ ധീരതയോടെയുള്ള നടപടിയെ പ്രശംസിച്ച് ലോകം
മ്യാൻമർ: പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞ്, ഫെബ്രുവരി 28 ന് പട്ടാള അട്ടിമറിക്കെതിരെ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച ജനങ്ങളെ സംരക്ഷിക്കാൻ സിസ്റ്റർ ആൻ റോസ നു താങ് തീരുമാനിച്ചു.
“നിങ്ങൾക്ക് വേണമെങ്കിൽ എന്നെ വെടിവയ്ക്കുക,” “നിരായുധരായ ജനങ്ങളാണ് പ്രതിഷേധിക്കുന്നത് , അവർക്ക് ആയുധങ്ങളില്ല, അവർ സമാധാനപരമായി അവരുടെ ആഗ്രഹം പ്രകടിപ്പിക്കുകയാണ്.” കന്യാസ്ത്രീ പറഞ്ഞു.
കാച്ചിൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈറ്റ്കിനയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് സേവ്യർ സഭയിലെ കന്യാസ്ത്രീയാണ് സിസ്റ്റർ നു താങ്. സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് ഈ ഗുരുതരമായ അവസ്ഥയിൽ നിന്നും, മാറി നിൽക്കാൻ പറഞ്ഞെങ്കിലും, താൻ പോകില്ലെന്നും മരിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു.“സഭയ്ക്കും, ജനങ്ങൾക്കും, രാജ്യത്തിനും വേണ്ടി എന്റെ ജീവൻ
നൽകാൻ താൻ സ്വയം തയ്യാറാണെന്നും,” അവർ പറഞ്ഞു.
മാർച്ച് ഒന്നിന് യുകാൻ ന്യൂസിനോട് സംസാരിച്ച സിസ്റ്റർ ആൻ റോസ നു താങ് സുരക്ഷാ സേനയോട് രണ്ടുതവണ എങ്ങനെയാണ് ജനങ്ങൾക്ക് വേണ്ടി അഭ്യര്ഥിച്ചതെന്നും, അറസ്റ്റുകളിൽ നിന്നും രക്ഷപ്പെടാൻ പ്രതിഷേധക്കാരെ സഹായിച്ചതെങ്ങനെയെന്നും വിശദീകരിച്ചു.
ഫെബ്രുവരി 28 ന് സൈനിക ഭരണത്തിനെതിരെ രാജ്യവ്യാപകമായി പണിമുടക്ക് നടന്നു. ഇതിൽ പോലീസും, ജനങ്ങളും , സൈനികരും തമ്മിൽ പ്രതിഷേധം ഉണ്ടാകുകയും, ഈ സംഘർഷത്തിൽ കുറഞ്ഞത് 18 പേര് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന ക്ലിനിക്കിലാണ് 45 കാരിയായ കന്യാസ്ത്രീ, സേവനം അനുഷ്ഠിക്കുന്നത്. ഈ പള്ളിയിൽ ഡസൻ കണക്കിന് പ്രതിഷേധക്കാർ വന്ന് ഓടി ഒളിക്കുകയും, സുരക്ഷാ ഉദ്യോഗസ്ഥർ തല്ലുകയും, പിന്തുടരുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“ആ സാഹചര്യം കണ്ടപ്പോൾ, ഇത് ഒരു യുദ്ധമേഖലയാണെന്ന് എനിക്ക് തോന്നി,” അവർ പറഞ്ഞു. സംഘർഷത്തിൽ കാലിനും, നെഞ്ചിനും, ചെറിയ പരിക്കുകൾ ഇവർക്കേറ്റിരുന്നു.
അട്ടിമറി വിരുദ്ധ പ്രക്ഷോഭകർ തെരുവിലിറങ്ങിയപ്പോൾ ക്ലിനിക്കിന് മുന്നിൽ നിന്നുകൊണ്ട് “ഐക്യദാർഢ്യം പ്രകടിപ്പിച്ച കന്യാസ്ത്രീകളിൽ ഒരാളായിരുന്നു സിസ്റ്റർ നു താങ്. കൂടാതെ, സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനായി പുരോഹിതന്മാർ, സാധാരണക്കാർ, മറ്റ് കന്യാസ്ത്രീകൾ എന്നിവരുമായി ചേർന്ന് മൈറ്റ്കിനയിലെ മാർച്ചുകളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്.
പല നഗരങ്ങളിലും സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തെ, സുരക്ഷാ സേന അക്രമാസക്തമായി തകർക്കുന്നതിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ കടുത്ത സങ്കടം നിറഞ്ഞ് കരഞ്ഞു കൊണ്ട് കന്യാസ്ത്രീ പറഞ്ഞു.
“ഞാൻ ഒരു കത്തോലിക്കാ കന്യാസ്ത്രീയാണ്, പക്ഷേ അതിലുമുപരി ഞാൻ മ്യാൻമറിലെ ഒരു പൗരനാണ്, അതിനാൽ എനിക്ക് മ്യാൻമറിലെ ജനങ്ങളോട് സമാനമായ വികാരമുണ്ട്,” അവർ പറഞ്ഞു. മ്യാൻമറിലെ ജനങ്ങൾക്ക് എങ്ങനെ ഒരു കൈ സഹായം നൽകാമെന്ന് ഞാൻ എപ്പോഴും ചിന്തിക്കുന്നു.
ജനാധിപത്യത്തിന്റെ ലക്ഷ്യത്തിലെത്താൻ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നും മതങ്ങളിൽ നിന്നും വംശങ്ങളിൽ നിന്നുമുള്ള ആളുകൾ കൈകോർത്ത് നടക്കേണ്ടതുണ്ടെന്ന് സിസ്റ്റർ നു താങ് ഊന്നിപ്പറഞ്ഞു. “ഈ യാത്ര ദുഷ്‌കരമാണെങ്കിലും, കൂടുതൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നറിഞ്ഞിട്ടും, സ്ഥിരോത്സാഹത്തിലൂടെ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിലെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അവർ പറഞ്ഞു.
മാധ്യമപ്രവർത്തകർ, അവകാശ ഗ്രൂപ്പുകൾ, യുഎൻ മുൻ അവകാശ പ്രതിനിധി യാംഗീ ലീ, എന്നിവരുൾപ്പെടെ, സിസ്റ്റർ നു തവാങ്ങിന്റെ ധീരമായ ഇടപെടലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും, മ്യാൻമറിന് പുറത്തുനിന്നുള്ള ആളുകൾ പോലും അവരുടെ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു.