അബുദാബി: ആഗസ്റ്റ് 21 മുതൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 പിസിആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. അബുദാബി, ഷാർജാ വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവർക്കാണ് ഇത് നിർബന്ധമാക്കിയിട്ടുള്ളത്. അബുദാബിയിൽ നിന്നും യാത്ര തിരിക്കുന്നവർക്ക് 96 മണിക്കൂറിനുള്ളിൽ ലഭിച്ച ഫലവും ഷാർജയിൽ നിന്നും യാത്ര തിരിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ ലഭിച്ച പരിശോധനാഫലവുമാണ് നിർബന്ധം.
ദുബായിലേക്ക് തിരിച്ചു വരുന്നവർ ജനറൽ ഡയറക്ട്രേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് വെബ്സൈറ്റിൽ ’എൻട്രി പെർമിറ്റിനു’ അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തിൽ നിന്നുള്ള കോവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റ് കരുതണം.
’കോവിഡ് 19 ഡിഎക്സ്ബി സ്മാർട്ട് ആപ്പ്’ ഉണ്ടായിരിക്കണം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് നിർബന്ധിത 14 ദിവസത്തെ നിരീക്ഷണം ആവശ്യമില്ല.