മഹത്തായ സേവനങ്ങൾ കൊണ്ട് ജനമനസ്സിൽ ഇടം നേടിയ നേതാവാണ് മാണി സാർ
പാലാ: സംസ്ഥാനത്ത് കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ.എം.മാണി സ്മൃതി സംഗമങ്ങളുടെ സമാപനം പാലായിൽ എം എം മണി ഉദ്ഘാടനം ചെയ്ത വേളയിൽ അദ്ദേഹം മാണിസാറിനെക്കുറിച്ച് പറഞ്ഞതാണ്, മാണി മഹത്തായ സേവനംചെയ്ത ജനനേതാവ്.
കെ.എം.മാണിക്കു മാത്രം അർഹമായ വിളിപ്പേരാണ് മാണി സാർ. സ്വന്തം മണ്ഡലത്തെ ഒരിക്കലും മറക്കാതെ, ഒരുമിച്ച് ചേർത്തു പിടിച്ചു മാതൃക നൽകിയ നേതാവാണ് മാണി. പല ജനപ്രതിനിധികളും ജനാധിപത്യത്തിലെ ഇത്തരം മിനിമം ചുമതലകൾ പോലും മറക്കുന്നവരാണ്. ഇന്നത്തെ നിലയിലേക്ക് പാലായെ പടുത്തുയർത്തിയത് കെ.എം.മാണിയായിരുന്നു. നാട് ഇന്ന് ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോവുകയാണ്. ഒരൊറ്റ തിരഞ്ഞെടുപ്പ്, ഒരു നേതാവ് ഒരു പാർട്ടി എന്ന രീതിയിൽ ഭ്രാന്തൻ ആശയങ്ങളാണ് രാജ്യത്തെമ്പാടും ചിലർ ഉയർത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിന്റെ ഏക പച്ചത്തുരുത്ത് ഇന്ന് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
പാലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ സ്ഥാപിച്ചിട്ടുള്ള മാണിയുടെ ഛായാചിത്രത്തിനു മുമ്പിൽ സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, രാഷ്ട്രീയ രംഗങ്ങളിൽനിന്നുള്ളവർ പുഷ്പാഞ്ജലി അർപ്പിച്ചു.
ഇതോടനുബന്ധിച്ച് പ്രാർഥനാ ഗീതവും, മാണിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി,എം.എൽ.എ മാരായ റോഷി അഗസ്‌റ്റിൻ, എൻ. ജയരാജ്, മാർ ജേക്കബ് മുരിക്കൻ, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, വിവിധ സമുദായ നേതാക്കളായ സി.പി. ചന്ദ്രൻ നായർ എം.ബി.ശ്രീകുമാർ, മുഹമ്മദ് നസീർ മൗലവി തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.