കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘സംശുദ്ധം സദ്ഭരണം‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന ‘ഐശ്വര്യ കേരള യാത്ര‘ക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ് ആണ് തുടക്കം കുറിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ജാഥ ഉൽഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ മുഖ്യാതിഥി ആയിരിക്കും. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. രണ്ടാം തീയതി രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
എന്നാൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് തെളിയിക്കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നത്. പരസ്പരം പ്രശ്നങ്ങളുണ്ടെങ്കിലും യാത്ര അവസാനിക്കുന്നതു വരെ ഒരുമിച്ച് നീങ്ങാനാണ് ഇരു ഗ്രൂപ്പുകളുടേയും തീരുമാനം.
നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തിൻ്റെ ആഭിമുഖ്യത്തിൽ ഐശ്വര്യ കേരള യാത്ര സംഘടിപ്പിക്കുന്നത്. ഇടതു സർക്കാരിൻ്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ച് ഐശ്വര്യ പൂർണ്ണമായ സംസ്ഥാനമായി മാറ്റണമെന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ.
യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ ഗാന്ധി എംപി ഉൽഘാടനം ചെയ്യും.