മാസ്മരിക പ്രകടനം പുറത്തെടുത്ത് മുഹമ്മദ് സിറാജ് ; അധിക്ഷേപിച്ചവരെ നിശബ്ദരാക്കി

0
87

ബ്രിസ്‌ബെയ്ൻ: നിർണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത് മുഹമ്മദ് സിറാജ്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജിന്റെ പ്രകടനത്തിന് മുന്നിൽ ഓസീസ് ഇന്നിംഗ്‌സ് 294 റൺസിൽ അവസാനിച്ചു. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് സിറാജ് സ്മിത്തിന്റെ ഉൾപ്പെടെ നിർണായകമായ 5 വിക്കറ്റുകൾ സ്വന്തമാക്കിയത്.

നാലാം ദിനം ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ഓസീസ് ബാറ്റ്‌സ്മാൻമാർ ഓരോരുത്തരായി കൂടാരം കയറി. സ്റ്റീവ് സ്മിത്തിന്(55) മാത്രമാണ് ഓസീസ് നിരയിൽ അർദ്ധസെഞ്ച്വറി നേടാനായത്. ഡേവിഡ് വാർണർ 48 റൺസിന് പുറത്തായി. മാർക്കസ് ഹാരിസ്(38), കാമറൂൺ ഗ്രീൻ(37), പാറ്റ് കമ്മിൻസ്(28), ടിം പെയ്ൻ(27) എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ സ്‌കോർ 300ന് അടുത്ത് എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ശർദ്ദൂൽ ഠാക്കൂർ 4 വിക്കറ്റുകളും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ ഇന്ത്യ 1.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 4 റൺസ് എന്ന നിലയിലാണ്. 4 റൺസുമായി രോഹിത് ശർമ്മയും റൺസൊന്നും നേടാതെ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. അവസാന ദിനമായ നാളെ ഇന്ത്യയ്ക്ക് വിജയിക്കാൻ 324 റൺസ് കൂടി വേണം. മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ആതിഥേയരും പൊരുതി നേടാൻ ഇന്ത്യയും ഇറങ്ങുമ്പോൾ അവസാന ദിനം ആവേശകരമാകുമെന്ന് ഉറപ്പാണ്. നിലവിൽ ഇരുടീമുകളും ഓരോ ടെസ്റ്റ് വീതം വിജയിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റിൽ ഇന്ത്യ സമനില പിടിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here