വിവാഹം മൗലികാവകാശമായി കണക്കാക്കാനാവില്ല: സുപ്രീം കോടതി

0
69

വിവാഹം മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ജഡ്ജിമാർ ഏകകണ്ഠമായി പറഞ്ഞു. സ്വവർഗവിവാഹത്തിന്  നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിധി പറയവെയാണ് കോടതിയുടെ പരാമർശം. അതേസമയം സ്വവർഗ വിവാഹങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ എത്രത്തോളം മുന്നോട്ട് പോകണമെന്ന കാര്യത്തിൽ യോജിപ്പും വിയോജിപ്പും ഉണ്ടെന്ന് വിധിന്യായം വായിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. 10 ദിവസത്തെ മാരത്തൺ ഹിയറിംഗിന് ശേഷമാണ് ഹർജികളിൽ വിധി പറയുന്നത്.

സുപ്രീം കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും, അത് വ്യാഖ്യാനിക്കാനും പ്രാബല്യത്തിൽ വരുത്താനും മാത്രമേ കഴിയൂ എന്നും വിധി വായിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. സ്വവർഗ ലൈംഗികത നഗരപരമോ വരേണ്യമോ അല്ലെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. “സ്വവർഗ ലൈംഗികത ഒരു നഗര സങ്കൽപ്പമല്ല അല്ലെങ്കിൽ സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങളിൽ പരിമിതപ്പെടുത്തിയതോ അല്ല” ചന്ദ്രചൂഡ് വ്യക്തമാക്കി.

സ്വവർഗവിവാഹം നിയമവിധേയമാക്കുക എന്ന ആശയം വരേണ്യ വർഗ്ഗത്തിന്റെ പ്രശ്‌നമാണെന്ന് ഹിയറിംഗിനിടെ കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമപരമായി അംഗീകരിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള വിധി സുപ്രീം കോടതി പ്രഖ്യാപിക്കുന്നത്. സ്വവർഗ ദമ്പതികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, എൽജിബിടിക്യു+ ആക്‌ടിവിസ്‌റ്റുകൾ എന്നിവർ സമർപ്പിച്ച 20 ഹർജികളിൽ അഞ്ചംഗ ബെഞ്ച് മെയ് 11ന് വിധി പറയാൻ മാറ്റുകയായിരുന്നു. ഏപ്രിൽ 18നാണ് ഹർജികളിൽ വാദം കേൾക്കൽ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here