അമ്മയാകുന്നത് വരെ നമ്മുടെ അമ്മമാരുടെ സ്നേഹവും അവർ അനുഭവിച്ച ത്യാഗങ്ങളും മനസ്സിലാകില്ലെന്ന് പറയുന്നത് വളരെ ശരിയാണെന്ന് മേഘ്ന.
കരുത്തുള്ള സ്ത്രീയാണ് മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണത്തിന് ശേഷം ആൺകുഞ്ഞിന് ജന്മം നൽകി ജീവിതത്തിൽ വീണ്ടും സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണ് മേഘ്ന. താൻ കണ്ട ഏറ്റവും കരുത്തുള്ള സ്ത്രീ തന്റെ അമ്മയാണെന്നും മേഘ്ന പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഘ്ന അമ്മയെ കുറിച്ചും മകനെ കുറിച്ചും സംസാരിച്ചത്. ജൂൺ ഏഴിന് ഭർത്താവ് ചിരഞ്ജീവി സർജയുടെ പെട്ടെന്നുള്ള മരണം സിനിമാ ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്.
ജനിക്കുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നതായി മേഘ്ന പറയുന്നു. എല്ലാവർക്കും പ്രിയങ്കരനായിരുന്ന സർജയെ പോലെ തങ്ങളുടെ മകനേയും വളർത്തണമെന്നാണ് മേഘ്നയുടെ ആഗ്രഹം.
മാതൃത്വം ലോകത്തിലെ ഏറ്റവും കഠിനവും മനോഹരവുമായ ജോലിയാണെന്ന് മേഘ്ന പറയുന്നു. അമ്മയാകുന്നത് വരെ നമ്മുടെ അമ്മമാരുടെ സ്നേഹവും അവർ അനുഭവിച്ച ത്യാഗങ്ങളും മനസ്സിലാകില്ലെന്ന് പറയുന്നത് വളരെ ശരിയാണെന്നും മേഘ്ന.
താനും അമ്മയായതിന് ശേഷമാണ് ആ സത്യം മനസ്സിലാക്കുന്നത്. തനിക്കൊപ്പം പൂർണമായും നിന്ന അമ്മയെ പ്രണമിക്കുന്നതായും നടി പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് അമ്മയാണ്. ഭർത്താവിന്റെ മരണശേഷം താൻ തകർന്നുപോയ നാളുകളിൽ പാറ പോലെ തനിക്കൊപ്പം നിന്ന സ്ത്രീയാണ് അമ്മയെന്ന് മേഘ്ന പറയുന്നു.
ഗർഭിണിയായിരിക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെയായിരുന്നു കടന്നു പോയത്. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. ഓരോ ദിവസവും ജീവിതത്തിന് കരുത്ത് നൽകിയത് അമ്മയാണ്.
താൻ കരുത്തയായ സ്ത്രീയെന്നാണ് ആളുകൾ പറയുന്നത്. എന്നാൽ തന്റെ ഏറ്റവും ദുർബലമായ അവസ്ഥകൾ കണ്ടത് അമ്മ മാത്രമാണ്. മേഘ്നയുടെ വാക്കുകൾ.
വിഷമഘട്ടത്തില്‍ മാതാപിതാക്കളും സുഹൃത്തുക്കളായ നസ്രിയയും, അനന്യയും ഒപ്പമുണ്ടായിരുന്നതിനെ കുറിച്ച് മേഘ്ന നേരത്തേ പറഞ്ഞിരുന്നു
മകന് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും ചീരുവിന്റെ ആഗ്രഹങ്ങൾ പോലെ മകനെ വളർത്തി വലുത്താക്കണമെന്നുമാണ് ഇനിയുള്ള തന്റെ സ്വപ്നമെന്നും മേഘ്ന പറയുന്നു.