വിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനെ അയോധ്യയില്‍ മാത്രമല്ല ഇങ്ങ് കൊച്ചു കേരളത്തിലും ആരാധിക്കുന്നവര്‍ ഏറെയുണ്ട്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം അത്തരത്തിലൊന്നാണ്. എന്താണ് ശ്രീരാമനുമായുള്ള ഈ ക്ഷേത്രത്തിന്റെ ബന്ധം? കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലൊന്നാണിത്. ശ്രീകൃഷ്ണ ഭഗവാന്‍ ദ്വാരകയില്‍ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്നാണ് വിശ്വസിച്ച് പോരുന്നത്. ഗണപതി, പരമശിവന്‍, ധര്‍മശാസ്താവ്, ഹനുമാന്‍, ചാത്തന്‍ എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപദേവതകള്‍.
ദ്വാരക പ്രളയത്തില്‍ മുങ്ങിയ ശേഷം സമുദ്രത്തിലൂടെ ഇവിടെയെത്തിയതാണ് ഈ പ്രതിഷ്ഠകള്‍ എന്നും വിശ്വസിച്ച് പോരുന്നു. കര്‍ക്കടക മാസത്തിലെ നാലമ്പല ദര്‍ശനത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണ് തൃപ്രയാറിലെ രാമക്ഷേത്രം. രാമായണമാസമായ കര്‍ക്കടകത്തില്‍ ഉച്ചയ്ക്ക് മുമ്പ് നാലമ്പല ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് അത്യുത്തമമായി വിശ്വസിക്കപ്പെടുന്നു.
ശ്രീരാമനും സഹോദരന്‍മാരായ ലക്ഷമണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുമായുള്ള സഹോദര ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് നാലമ്പല ദര്‍ശനം. ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നെല്ലാം മോചിപ്പിച്ച് ശ്രീരാമഭഗവാന്‍ ഭക്തരെ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. അതേസമയം ശ്രീരാമന്റെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമെങ്കിലും ചതൂര്‍ബാഹുവായ ഭഗവാന്‍ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ.
അതേസമയം കരുവന്നൂര്‍ പുഴയിലെ മീനുകള്‍ക്ക് മീനുട്ട് നടത്തുന്നത് ഇവിടത്തെ പ്രധാന വഴിപാടാണ്. വാമനാവതാരവേളയില്‍ ഭഗവാന്‍ ത്രിവിക്രമനായ വളര്‍ന്നപ്പോള്‍ ഭഗവാന്റെ ഒരുപാദം സത്യലോകത്തിലെത്തി. ബ്രഹ്‌മാവ് പരിഭ്രമിച്ച് തന്റെ കമണ്ഡലുവിലുള്ള തീര്‍ത്ഥമെടുത്ത് ഭഗവല്പാദത്തില്‍ അഭിഷേകം ചെയ്തു. ആ തീര്‍ത്ഥജലം അവിടെ നിന്നൊഴുകിയപ്പോള്‍ കുറേ ഭാഗം ഭൂമിയിലും പതിച്ചു എന്നാണ് ഐതിഹ്യം.
ആ തീര്‍ത്ഥജലമാണത്രേ തൃപയാര്‍ ആയത്. തിരുപാദം കഴുകിയത് ആറായി തീര്‍ന്നപ്പോള്‍ അത് തിരുപ്പാദയാറായി. പിന്നീട് അത് തൃപാദയാറും, തൃപ്രയാറുമായി മാറുകയായിരുന്നു. ഇതുകൂടാതെ നിരവധി ഐതിഹ്യങ്ങള്‍ വേറെയും തൃപ്രയാറിനെ കുറിച്ചുണ്ട്. ഒറ്റനില വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിനുള്ളത്.
കരിങ്കല്ലില്‍ തീര്‍ത്ത ഈ ശ്രീകോവിലിന് 160 അടി ചുറ്റളവമുണ്ട്. അകത്തോട്ട് കടക്കാനായി മൂന്ന് പടികളുണ്ട്. ആറടിയില്‍ അധികം ഉയരം വരുന്ന അഞ്ജന ശിലാനിര്‍മിതമായ വിഗ്രഹത്തില്‍ കിഴക്കോട്ട് ദര്‍ശനമായി തൃപ്രയാറപ്പന്‍ കുടികൊള്ളുന്നു.
ഖരന്‍, ദൂഷണന്‍, ത്രിശ്ശിരസ്സ് എന്നീ മൂന്ന് രാക്ഷസന്‍മാരെയും അവരുടെ പതിനായിരം പടയാളികളെയും മൂന്നേമുക്കാല്‍ നാഴിക കൊണ്ട് നിഗ്രഹിച്ച ശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ച് പോരുന്നു. ഇവിടെ ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിഞ്ഞിട്ടുണ്ട്. വിശേഷാല്‍ പൂജകളും ഗണപതി ഹോമവും അടക്കം ഇവിടെ നടത്താറുണ്ട്.
നിത്യേന അഞ്ച് പൂജകളും മൂന്ന് ശിവേലികളുമാണ് തൃപ്പയാര്‍ ശ്രീരാമക്ഷേത്രത്തിലുള്ളത്. പുലര്‍ച്ചെ നിയമവെടിയോടെ ഭഗവാനെ പള്ളിയുണര്‍ത്തി മൂന്നരയ്ക്ക് നടതുറക്കും. പന്ത്രണ്ട് മണിക്കാണ് നടയടയ്ക്കുക. വൈകീട്ട് നാല് മണിക്ക് വീണ്ടും തുറക്കും. കതീനവെടിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്.