തൃശ്ശൂർ: ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയാനായി കാത്തിരുന്ന അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ച് വ്യാജ വെബ്സൈറ്റ് ലിങ്കുകൾ. റിസൾട്ട് വരുന്നതിന് തൊട്ടു മുമ്പത്തെ ദിവസങ്ങളിൽ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലും ഫലമറിയാനുള്ള വെബ്സൈറ്റുകളുടെ ലിങ്കുകൾ പ്രചരിച്ചിരുന്നു. കേരള പരീക്ഷഭവന്റെ പേരിൽ വ്യാജമായി നിർമിച്ച സൈറ്റിന്റെ ലിങ്കും ഇതിൽ ചേർത്തിരുന്നു.
സ്പെല്ലിങ്ങിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ മാറ്റം വരുത്തിയതാണ് വ്യാജ വെബ്സൈറ്റ്. ഇതറിയാതെ അധ്യാപകരടക്കം ഈ സന്ദേശങ്ങൾ പങ്കുവെച്ചു. ബുധനാഴ്ച റിസൾട്ട് വന്നതിനുശേഷം ഫലമറിയാനായി ലിങ്ക് തുറന്നപ്പോഴാണ് പലരും ഞെട്ടിയത്. വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് റിസൾട്ട് നോക്കിയത്. അശ്ലീലസൈറ്റ് കണ്ടതോടെ സൈറ്റ് വിലാസം പങ്കുവെച്ച അധ്യാപകരെ വിളിച്ച് പലരും പരാതി പറഞ്ഞു. അപ്പോഴാണ് വ്യാജ വെബ്സൈറ്റ് ആണെന്ന് പലരും തിരിച്ചറിഞ്ഞതെന്ന് വിലാസം പങ്കുവെച്ച അധ്യാപകരിലൊരാൾ പറഞ്ഞു.
എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സമയത്തും ഇത്തരം തട്ടിപ്പ് നടന്നിരുന്നതായും ഇക്കാര്യം കോഴിക്കോട് സൈബർ ഡോമിൽ ചർച്ച ചെയ്തതായും സൈബർ പോലീസ് അധികൃതർ വ്യക്തമാക്കി.