ന്യൂസിലന്‍റില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സെപ്തംബര്‍ 19ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ലേക്കാണ് മാറ്റിയതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അറിയിച്ചു.
വിദേശത്ത് നിന്ന് വന്നവര്‍ക്കല്ലാതെ കഴിഞ്ഞ 102 ദിവസം ഒരൊറ്റ കോവിഡ് സമ്പര്‍ക്ക കേസ് പോലും ന്യൂസിലന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ സൗത്ത് ഓക്ലന്‍റിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ആഗസ്ത് 11ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ഓക്ലന്‍റില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം 13 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഓക്ലന്‍റില്‍ പുതിയ രോഗികളുടെ എണ്ണം 58 ആയി.
ഈ സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിയും ന്യൂസിലന്‍റ് ഫസ്റ്റ് പാ൪ട്ടിയുടെ നേതാവും ഉപപ്രധാനമന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇപ്പോഴത്തെ സാഹചര്യം അനുകൂലമല്ലെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡന് എഴുതിയ കത്തിൽ അദ്ദേഹം വിശദീകരിച്ചു.