നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക.
അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ കോടതി അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും.
ഇതിനിടെ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും.രണ്ടു പേരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
എന്നാല്‍ ശിവശങ്കറിനെ ഇതുവരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതില്‍ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസില്‍ ഒരാളെ പ്രതി ചേര്‍ക്കാനാവില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയില്‍ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.