ഒരിക്കലും ബിജെപിയിലേക്കില്ല‍; അങ്ങനെ പറയുന്നത് അപമാനിക്കാന്‍: സച്ചിന്‍ പൈലറ്റ്

0
72

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവേ ജെപി.യിലേക്കില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ് രംഗത്ത്. ‘ഞാൻ ബിജെപിയിൽ ചേരില്ല. അങ്ങനെ യാതൊരു പദ്ധതിയും തയാറാക്കിയിട്ടില്ല. ബിജെപിയുമായി ചേർന്നുവെന്ന് പറയുന്നത് എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാൻ ഇപ്പോഴും കോൺഗ്രസ് പാർട്ടി അംഗമാണ്. രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനാണ് എനിക്ക് ആഗ്രഹം.’– ദേശീയ മാധ്യമങ്ങളോട് സച്ചിൻ പ്രതികരിച്ചു.

ബി.ജെ.പിയുമായി സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ. എന്നാൽ, കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാത്ത സാഹചര്യത്തില്‍ സച്ചിന്‍ പാര്‍ട്ടിക്കുള്ളില്‍ നിൽക്കുമോ അതോ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്നതാണ് ദേശീയ രാഷ്ട്രീയം ഇപ്പോൾ ഉറ്റുനോക്കുന്നത്.

സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരും മറ്റു മുതിർന്ന നേതാക്കളും സച്ചിൻ പൈലറ്റിനെ പലതവണ വിളിച്ചിട്ടും അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. ‘‘സത്യത്തെ അലോസരപ്പെടുത്താം; പക്ഷേ, പരാജയപ്പെടുത്താനാകില്ല. എനിക്കു പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. റാം റാം.’’ – എന്നായിരുന്നു സംഭവങ്ങളോടു സച്ചി‍ൻ ട്വിറ്ററിൽ പ്രതികരിച്ചത്.

എന്നാൽ, സച്ചിനെ അയോഗ്യനാക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് തുടങ്ങി. അയോഗ്യനാക്കാതിരിക്കാനുള്ള കാരണം വെള്ളിയാഴ്ചക്കകം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സച്ചിനും പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ക്കും സ്പീക്കര്‍ സി.പി ജോഷി നോട്ടീസയച്ചു. അതേസമയം, കോൺഗ്രസിൽ മന്ത്രിസഭാ വികസനം നാളെ നടക്കും. സച്ചിൻ പൈലറ്റിനെ പുറത്താക്കിയെങ്കിലും ഭരണം നിലനിർത്തുക കോൺഗ്രസിന് എളുപ്പമല്ല. 20 എം.എൽ.എമാരുടെ പിന്തുണ സച്ചിൻ പൈലറ്റിന് ഉണ്ടെന്നാണ് സൂചന. 102 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറയുന്നുണ്ടെങ്കിലും നാലോ അഞ്ചോ എം.എൽ.എമാർ കൂടി സച്ചിനൊപ്പം കൂടിയാൽ സർക്കാർ നിലം പതിക്കും.

ബിജെപി വാതിലുകൾ തുറന്നിട്ടിട്ടുണ്ടെങ്കിലും സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കാനാണ് സാധ്യത. അങ്ങനെ എങ്കിൽ കൂടുതൽ എംഎൽഎമാർ വരുമെന്നാണ് സച്ചിന്റെ പക്ഷം പ്രതീക്ഷിക്കുന്നത്. സച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, എൻ.എസ്.യു.ഐ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here