കേസിലെ ഹർജിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കലിന് തന്നോടുള്ള പൂർവ വൈരാഗ്യമാണ് ഇപ്പോഴത്തെ നടപടികളിൽ കലാശിച്ചതെന്നാണ് കെ.എം എബ്രഹാം പറയുന്നത്. ഹർജിക്കാരൻ 2016-ൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതിന് അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന താൻ പിഴ ചുമത്തിയിരുന്നെന്നും അതിനുള്ള പ്രതികാരമാണ് ഈ കേസെന്നുമാണ് കെ.എം എബ്രഹാമിന്റെ വാദം.
ഒരു മുൻ വിജിലൻസ് ഡയറക്ടർ തനിക്കെതിരെ മാധ്യമങ്ങളിൽ അഭിമുഖം നൽകുന്നെന്നും അദ്ദേഹം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നപ്പോൾ 20 കോടി രൂപയുടെ അഴിമതി നടന്ന കാര്യം ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന താൻ കണ്ടെത്തിയെന്നുമാണ് കെ.എം എബ്രഹാം വ്യക്തമാക്കുന്നത്. ഇതിന് പുറമെ, മറ്റൊരു പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ആൾക്ക് എതിരെയും താൻ തെളിവുകൾ കണ്ടെത്തി. ഇത്തരത്തിലുള്ള ആളുകളുടെ ഒരു സംഘമാണ് തനിക്കെതിരെ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കെ.എം എബ്രഹാം പറയുന്നു.