സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും ജനങ്ങള്‍ ഇതുവരെ പാലിച്ചു വന്ന ജാഗ്രതയില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തരുത്. മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലും കൈകള്‍ ശുചിയാക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തിന്റെ പലഭാഗത്തുമുള്ള അനുഭവങ്ങള്‍ കാണിക്കുന്നത് കൊവിഡിനു രണ്ടാമതും മൂന്നാമതും തരംഗങ്ങള്‍ ഉണ്ടാകാം എന്നാണ്.അതില്‍ ആദ്യത്തെ തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമായ വ്യാപനം രണ്ടാമത്തെ തരംഗത്തില്‍ ഉണ്ടാകാം. അമേരിക്ക ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും അധികം രോഗബാധിതരുണ്ടാകുന്ന അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണു വാര്‍ത്ത. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം കുതിച്ചു കയറുന്ന പ്രവണ കാണിക്കുന്നു. രോഗവ്യാപനം തടയേണ്ടതില്ല എന്ന ആശയത്തിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ പരക്കെ പ്രചരിക്കപ്പെട്ട സ്വീഡന്‍ മോഡലും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അവിടേയും അടുത്ത തരംഗം ശക്തമായിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനു കേരളം സ്വീകരിച്ച നടപടികളെ ശരിവയ്ക്കുകയാണ് ഈ സംഭവ വികാസങ്ങളെല്ലാം.
അതുകൊണ്ടുതന്നെ, ഇതുവരെ നമ്മള്‍ കാണിച്ചു വന്ന കരുതല്‍ ശക്തമായി തുടരേണ്ടതാണ്, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അമേരിക്കയിലും മറ്റും രോഗവ്യാപനം വര്‍ധിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പ്രചാരണം ആരംഭിച്ച ഈ ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനങ്ങളാകെയും ഈ കാര്യത്തില്‍ ശ്രദ്ധയുള്ളവരാകണം. ശാരീരിക അകലം പാലിച്ചും മാസ്‌കു ധരിച്ചും വേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍. സ്ഥാനാര്‍ത്ഥികള്‍ കരം പിടിക്കുന്നതും കെട്ടിപ്പിപ്പിടിക്കുന്നതും ഒഴിവാക്കണം.
പ്രായാധിക്യമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ കാണിക്കണം. നിരവധി വീടുകള്‍ സന്ദര്‍ശിക്കുമെന്നതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കുമെന്ന് ഉറപ്പു വരുത്തണം.
യോഗങ്ങള്‍ ചേരുമ്ബോള്‍ നിശ്ചിത എണ്ണവും അകലവും ഉറപ്പാക്കണം. ആവേശം കൊണ്ട് കൂടിച്ചേര്‍ന്നു രോഗം പടര്‍ത്തുന്ന നിലവരരുത്. ഇത് വിജയാഹ്ലാദത്തിനും ബാധകമാണ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഉണ്ടാകും എന്നതിനാലാണ് വിജയാഹ്ലാദത്തില്‍ കാര്യം ഇപ്പോഴേ പറയുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കണം.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കൊവിഡുമായി ബന്ധപ്പെട്ട ജാഗ്രതാ സന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ഒരോ സ്ഥാനര്‍ത്ഥിയും കൊവിഡ് പ്രതിരോധത്തിന്റെ കാര്യവും കൂടെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു