ഷാര്‍ജ: വനിതാ ടി20 ചാലഞ്ച് പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന് നടക്കും. വനിതാ ക്രിക്കറ്റിലെ രാജ്യാന്തര താരങ്ങള്‍ കളത്തിലിറങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ നിലവിലെ ജേതാക്കളായ സൂപ്പര്‍നോവാസും ട്രെയല്‍ബ്ലെയ്‌സേഴ്‌സും ഏറ്റുമുട്ടും. ഹാട്രിക്ക് കിരീടമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിന്റെ ലക്ഷ്യം.
സ്മൃതി മന്ധന നയിക്കുന്ന ട്രെയല്‍ബ്ലെയ്‌സേഴ്‌സിന്റെ സ്വപ്നം അട്ടിമറി വിജയമാണ്. കഴിഞ്ഞ ദിവസം നടന്ന അവസാന റൗണ്ട് റോബിന്‍ മത്സരത്തില്‍ ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ രണ്ട് റണ്‍സിനു തോല്‍പിച്ചതിന്റെ ആത്മവിശ്വാസം സൂപ്പര്‍നോവാസിനു കൂട്ടുണ്ടാകും. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന മത്സരത്തിലാണു സ്മൃതിയുടെ സംഘത്തെ ഹര്‍മന്റെ ടീം മറികടന്നത്.ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിനായി തിളങ്ങിയതു ചമരി അട്ടപ്പട്ടുവാണ് (48 പന്തുകളില്‍ 67 റണ്‍സ്). ഹര്‍മന്‍ 31 റണ്‍സെടുത്തു. മറുപടിയില്‍ ദീപ്തി ശര്‍മയും (43) ഹര്‍ലീന്‍ ഡിയോളും (15 പന്തുകളില്‍ 27) ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ ജയത്തിനടുത്തെത്തിച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ സ്പിന്നര്‍ രാധാ യാദവ് ഹര്‍ലീനെ പുറത്താക്കി സൂപ്പര്‍നോവാസിനു ജയം സമ്മാനിക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീമായ മിതാലി രാജ് നയിച്ച വെലോസിറ്റിയും രണ്ടില്‍ ഒരു മത്സരം വിജയിച്ചിരുന്നു. എന്നാല്‍ നെറ്റ്‌റണ്‍റേറ്റില്‍ പിന്നിലായത് അവര്‍ക്ക് തിരിച്ചടിയായി.