“എന്റെ അമ്മ ഒരു സൂപ്പർ ഹീറോ ആയിരുന്നു” – – കമല ഹാരിസ്

0
156

അമേരിക്കൻ സെനറ്റർ പദവിയിൽ നിന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ  കമല ഹാരിസ്  കുട്ടികൾക്കായി പ്രത്യേകം  തയ്യാറാക്കിയ “സൂപ്പർ ഹീറോസ് ആർ  എവെരിവേർ(Super Heroes are Everywhere) എന്ന പുസ്തകത്തിലെ  കമലയുടെ വാക്കുകൾ ഇന്ന് ലോകത്തിനു തന്നെ  പ്രചോദനം നൽകുന്നു.

എന്റെ അമ്മ ഒരു സൂപ്പർ ഹീറോ ആയിരുന്നു. ‘അമ്മ എപ്പോഴും പറയുമായിരുന്നു “നിങ്ങൾ ഒരു പ്രശ്നം കാണുമ്പോൾ,  അതിനെക്കുറിച്ച് പരാതിപ്പെടാതെ,  പകരം നിങ്ങൾ പോയി അതിനെ മറി കടക്കാൻ  എന്തെങ്കിലും ചെയ്യുക.  നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങളുടെ മനസും, ഹൃദയവും ഉൾപ്പെടുത്തിക്കൊണ്ട്  ചെയ്താൽ നിങ്ങൾക്ക് എന്തും ചെയ്യാൻ കഴിയും.  ലോകത്തിലെ എന്തും നേടാൻ കഴിയും.”

എന്റെ അമ്മ  എന്നിൽ വിശ്വസിച്ചു, ഞാൻ അവരിലും വിശ്വസിച്ചു, അത് എന്തും ചെയ്യാൻ എന്നെ സഹായിച്ചു. നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന  ആളുകളാണ് ഹീറോസ്. എന്റെ സഹോദരി “മായ” എപ്പോഴും എന്റെ അരികിലുണ്ടായിരുന്നു. ഞങ്ങൾ എല്ലാം ഒന്നിച്ചു നിന്ന് ചെയ്തു.  ജീവിതത്തിൽ എപ്പോഴെങ്കിലും അവളെ ആവശ്യമുണ്ടെങ്കിൽ അവൾ എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് എനിക്ക്  ഉറപ്പുണ്ടായിരുന്നു.  ഞങ്ങൾക്ക്   സങ്കടം തോന്നിയ നിമിഷങ്ങളിൽ  എന്റെ അമ്മ വെറുതെ ജന്മദിന പാർട്ടി തയ്യാറാക്കുകയും ഞങ്ങളുടെ ലിവിങ്ങ്  റൂമിൽ  കേക്കും, ചെറിയ  സമ്മാനങ്ങളും,  നൃത്തവുമൊക്കെയായി ഞങ്ങളെ സന്തോഷിപ്പിചിരുന്നു. അതിൽ ഞങ്ങൾ ആശ്വാസം കണ്ടെത്തിയിരുന്നു.  നിങ്ങളുടെ ജീവിതത്തിൽ വിശ്വസിക്കാൻ പറ്റിയവരെ  നേടിയെടുത്തിട്ടുണ്ടോ ?

ഞാൻ എന്റെ കുടുംബത്തിലെ സൂപ്പർഹീറോകൾക്കായി  പലപ്പോഴും തിരഞ്ഞിരുന്നു.  ഞാൻ  ഭയമില്ലാത്ത ഒരു ധീര വനിതയായിരിക്കണമെന്ന് എൻറെ അച്ഛൻ ആഗ്രഹിച്ചു. ഞങ്ങൾ പുറത്തുപോകുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു  – ” പോയി ഓടിക്കോ … നിനക്ക്  കഴിയുന്നത്ര വേഗത്തിൽ ഓടിക്കോ” , ഞാൻ കഴിയുന്നത്ര വേഗത്തിൽ ഓടാറുണ്ടായിരുന്നു . ഞാൻ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല. എന്റെ അച്ഛൻ ഒരു സൂപ്പർ ഹീറോ ആയിരുന്നു, കാരണം അദ്ദേഹം  എന്നെ ജീതത്തിൽ ധീരത എന്താണെന്നു പഠിപ്പിച്ചു.  നിങ്ങളുടെ  ജീവിതത്തെ ധീരതയോടെ നേരിടാൻ ആരാണ് പഠിപ്പിക്കുന്നത് ?

എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ, ന്യായത്തിനു  വേണ്ടി പോരാടിയ,  ഏറ്റവും സ്മാർട്ടായ സ്ത്രീയായിരുന്നു എന്റെ മുത്തശ്ശി.  വേദനിക്കുന്ന  സ്ത്രീകൾക്ക് വേണ്ടി അവർ  സംസാരിക്കുകയും ആരോഗ്യത്തോടെയിരിക്കാൻ  അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെയും ജമൈക്കയിലെയും എന്റെ മുത്തശ്ശിമാർ ന്യായമായ കാര്യങ്ങൾക്കുവേണ്ടി  നിലപാടെടുത്തിരുന്നവരായിരുന്നു.   ആരാണ് നിങ്ങളുടെ ജീവിതത്തിൽ ന്യായത്തിനുവേണ്ടി കൂട്ട് നിൽക്കുന്നവർ ?

ഞാനും എന്റെ ഉറ്റസുഹൃത്തുക്കളും ഞങ്ങൾ പരസ്പരം വളരെയധികം കരുതലോടെയും, ആത്മാർത്ഥ സ്നേഹത്തിലും വളർന്നു.  ഞാൻ kindergarten ൽ   പഠിക്കുമ്പോൾ   എന്റെ സുഹൃത്തിനോട്   പരസ്പരം കളിയാക്കുന്നത് നിർത്താൻ ഉപദേശിച്ചത്, അവൾ അനുസരിച്ചു. മറ്റൊരു ദിവസം  ഞാൻ സ്കൂളിൽ വീണപ്പോൾ  ആ സുഹൃത്ത്  എൻറെ സഹായത്തിനെത്തി. ഞങ്ങളൊക്കെ ബാല്യം മുതൽക്കേ ഹീറോസ് ആയിരുന്നു .  പരസ്പരം എല്ലാവരും സ്കൂളിൽ സുരക്ഷിതത്തിൽ വളരാൻ  ആഗ്രഹിച്ചു . എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ നല്ല ഹീറോസ് ആയിരുന്നു. കാരണം ഞങ്ങൾ  പരസ്പരം ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കി. നിങ്ങൾക്ക് ഉറ്റ സുഹൃത്തക്കൾ ഉണ്ടോ ?

എന്റെ നല്ല  അധ്യാപകരെ ഞാൻ വളരെയധികം  സ്നേഹിച്ചു. അവർ തികച്ചും എന്റെ ജീവിതത്തിലെ സൂപ്പർ ഹീറോസാണ് , കാരണം അവർ എനിക്ക് വിശാലമായ ഒരു ലോകത്തെ  കാണിച്ചു തരികയും,   ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അതിനെ യാഥാർഥ്യമാക്കാൻ പ്രോത്സാഹിപ്പിക്കുകയും  ചെയ്തു.  ഒരുമിച്ച് പാട്ടുകൾ പാടാനും,  ലോകത്തിന്റെ പല  സംസ്കാരങ്ങൾ  ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തു. ആരാണ് നിങ്ങളുടെ  പ്രിയപ്പെട്ട അധ്യാപകർ ?

ഞാൻ ഒരു സൂപ്പർ ഹീറോയെ തെരുവിൽ തന്നെ കണ്ടു. ഞങ്ങൾക്ക് രണ്ടാമത്തെ അമ്മയെപ്പോലെയായിരുന്നു ഷെർൾട്ടൺ. ഞങ്ങളുടെ അമ്മ ജോലിക്കു പോയപ്പോൾ  അവർ  എന്നെയും മായയെയും  ഒത്തിരി പരിപാലിച്ചു. വീട്ടിൽ ഉണ്ടാക്കിയ ബിസ്‌ക്കറ്റ് കൊണ്ടുവരികയും, ഞായറാഴ്ചകളിൽ ഞങ്ങളെ പള്ളിയിൽ  കൊണ്ടുപോകുകയും ചെയ്യുമായിരുന്നു.

ഞാനും എന്റെ സുഹൃത്ത്  മേരിയും പുസ്തക പുഴുക്കളായിരുന്നു . ഒത്തിരി ഒത്തിരി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എന്റെ  അമ്മാവൻ ലോക പരിചയത്തിനും, പര്യവേക്ഷണത്തിനുമായി  ഞങ്ങളെ മ്യൂസിയങ്ങളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോകുമായിരുന്നു.  ജീവിതത്തിൽ പര്യവേക്ഷണം നടത്താൻ ആരാണ് നിങ്ങളെ സഹായിക്കുന്നത് ?

പ്രായമായപ്പോഴും ഞാൻ സൂപ്പർ ഹീറോസിനെ തേടുമായിരുന്നു.  ഞാൻ ഹാർവാർഡ് സർവകലാശാലയിൽ പഠിച്ചു.  എന്റെ മുത്തശ്ശിക്ക് ഒരിക്കലും കോളേജിൽ പോകാൻ അവസരം ലഭിച്ചില്ല, പക്ഷേ അവർ  തന്റെ എല്ലാ കുട്ടികളെയും നല്ല രീതിയിൽ  പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. എന്റെ അമ്മ ഒരു ശാസ്ത്രജ്ഞനായി, അമ്മാവൻ സാമ്പത്തിക ശാസ്ത്രജ്ഞനായി, ആന്റി  ഡോക്ടറായി. അവരൊക്കെ ഞാൻ വളർന്നു വന്ന സമയത്ത്  എനിക്ക്  സൂപ്പർ ഹീറോസായിരുന്നു , കാരണം അവർ പഠിക്കാൻ   വളരെയധികം കഷ്ടപ്പെട്ടു.  ഇവരെല്ലാം എനിക്ക് പ്രചോദനം നൽകി.  വളരുമ്പോൾ ജീവിതത്തിൽ കഠിനാദ്ധ്വാനം കൊണ്ട് എന്തും നേടാൻ കഴിയും എന്ന ആത്മ വിശ്വാസം എന്നിൽ  വളർത്തി.  എനിക്ക് ജീവിതത്തിൽ കുറെ ആദർശ വ്യക്തികൾ ഉണ്ടായിരുന്നു. കോളേജ്  പഠനത്തിന് ശേഷം ഈ ആദർശം മുന്നിൽ നിർത്തി ഒരു നല്ല യോദ്ധാവാകാൻ ആഗ്രഹിച്ചു.    കാരണം ഇന്ന് ലോകത്തിൽ മനുഷ്യർക്ക്   തുല്യ പരിഗണന ഇല്ലെന്നെനിക്കറിയാമായിരുന്നു. എന്നാൽ അവരെ തുല്യമായി പരിഗണിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.  മഹാന്മാരായ  യോദ്ധാക്കളെപ്പോലെ നിയമം  കൊണ്ട് എല്ലാവരേയും തുല്യമായി സംരക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അവർ സൂപ്പർ ഹീറോകളായിരുന്നു, കാരണം അവർ  അവരുടെ വാക്കുകളും ആശയങ്ങളും ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിച്ചു. നമ്മൾ ഒരുമിച്ചു നിന്നാൽ നമുക്ക് ഈ ലോകത്തിൽ ഒത്തിരി  മാറ്റം വരുത്താൻ കഴിയും. ആരാണ്  ഇന്ന് നിങ്ങളെ സംരക്ഷിക്കുന്നത് ?

 പഠനത്തിന് ശേഷം ഞാൻ ഒരു അഭിഭാഷകയും  പിന്നീട് ഒരു സെനറ്ററും ആയിത്തീർന്നു.  ജീവിതത്തിലെ എല്ലാ തരത്തിലുള്ള  ആളുകളുടെ കൂടെ  ഞാൻ ജോലി ചെയ്തിട്ടുണ്ട്  പ്രത്യേകിച്ചും  കുട്ടികളെ സഹായിക്കാൻ. ഈ ലോകത്തെ മനോഹരമാക്കി  മാറ്റാൻ ആഗ്രഹിക്കുന്ന നിരവധി കുട്ടികളെ ഞാൻ കണ്ടെത്തിയിട്ടുണ്ട്.

സൂപ്പർ ഹീറോസ്  എല്ലായിടത്തും ഉണ്ട് , നിങ്ങളുടെ ഉള്ളിൽ പോലും .  നിങ്ങൾ ദയാലുവാണോ? ധൈര്യമുള്ളവരാണോ? നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? നിങ്ങൾ ഒരു മികച്ച സുഹൃത്താണോ? നിങ്ങൾ പങ്കു  വയ്ക്കുന്നവരാണോ ? മറ്റുള്ളവരോട്  നീതി പുലർത്തുന്നുണ്ടോ?  മറ്റുള്ളവർക്ക് സഹായ ഹസ്തവുമായി എത്താൻ കഴിയുന്നുണ്ടോ  ?എങ്കിൽ  “നിങ്ങൾ  തന്നെയാണ് നിങ്ങളുടെ ഏറ്റവും നല്ല ഹീറോ”.

LEAVE A REPLY

Please enter your comment!
Please enter your name here