എറണകുളം: ഇടതുമുന്നണിയിലെ കക്ഷിയായ ഐഎന്‍എല്‍ വീണ്ടും പിളര്‍ന്നു. പാര്‍ട്ടിയിലെ അസംതൃപ്തരായവരുടെ നേതൃത്വത്തില്‍ ഐഎന്‍എല്‍ (സുലൈമാന്‍ സേട്ട്) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.ഏതെങ്കിലും സംഘടന രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുമ്ബോള്‍, ആദ്യപടിയായി അഡ്‌ഹോക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി നിലവില്‍ വരുന്ന പക്ഷം അഡ്‌ഹോക് കമ്മിറ്റി ഇല്ലാതാകും. 14 ജില്ലകളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി 51 അംഗ സ്റ്റാന്റിങ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. എറണാകുളത്ത് വെച്ച് നവംബര്‍ 15 ന് ശേഷം വിപുലമായ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തും. എല്‍ഡിഎഫുമായി യോജിച്ചു പോകുമെന്നും നേതാക്കള്‍ അറിയിച്ചു.
നേരത്തെ സുലൈമാന്‍ സേട്ട് സാഹിബിന്റെ പുത്രന്‍ സിറാജ് സേട്ട് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നിര മുസ്‌ലിം ലീഗില്‍ ലയിച്ചിരുന്നു. പിന്നീട് ഗ്രൂപ്പ് പോര് രൂക്ഷമായ ഐഎന്‍എല്‍ നേതൃത്വത്തില്‍ നിരാശരായി വടകര കേന്ദ്രീകരിച്ച് ഐഎന്‍എല്‍(ഡെമോക്രാറ്റിക്) എന്ന പേരില്‍ മറ്റൊരു പാര്‍ട്ടിയും നിലവില്‍ വന്നിരുന്നു.
പാര്‍ട്ടി സ്ഥാപകനായ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ കോഴിക്കോട്ട് സാംസ്‌കാരിക സൗധം നിര്‍മ്മിക്കാനായി സംസ്ഥാന കമ്മറ്റി പണപിരിവ് നടത്തി കോടികള്‍ പിരിച്ചെടുത്തു മുക്കിയതായാണ് ഇവരുടെ ആരോപണം. രണ്ട് വര്‍ഷത്തിനു ശേഷമാണ് വീണ്ടും പിളര്‍പ്പുണ്ടാകുന്നത്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക് പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.