പൾസർ സുനിയ്ക്ക് ജാമ്യം,

0
48

സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിയ്ക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു.

കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു.

നേരത്തെ ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചത്.

ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്.

ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. പിന്നാലെ ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് നടി ഓടുന്ന കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. കേസിൽ പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പൾസർ സുനിക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് എന്നിവരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here