കാൻസർ രോഗികളായ കുട്ടികൾക്ക് മുടി ദാനം നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഭാര്യയും നടിയും മോഡലുമായ ഹേസൽ കീച്ച്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റിൽ പ്രിൻസസ് ട്രസ്റ്റിനാണ് മുടി ദാനം ചെയ്തത്. ഹേസൽ ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ മുടി മുറിക്കുന്നതിനു മുൻപും ശേഷവമുള്ള ചിത്രത്തോടപ്പം ഒരു വലിയ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. കുറിപ്പില്‍ ഈ തീരുമാനമെടുത്തതിന് പിന്നിൽ ഭർത്താവ് യുവരാജ് സിങ്ങിന്റെ പിന്തുണ വളരെ വലുതാണെന്നും മുടി നഷ്ടമാകുമ്പോഴുള്ള വേദനയെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ഹേസൽ പറയുന്നുണ്ട്. പ്രസവ ശേഷം മുടികൊഴിച്ചിൽ കൂടിയപ്പോൾ മുടിമുറിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് താരം കുറിച്ചു.
ഈ കഴിഞ്ഞ ആഗസ്റ്റ് 25 നാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം യുവരാജ് സിങ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒറ എന്നാണ് മകളുടെ പേര്.യുവരാജ്- ഹേസൽ ദമ്പതികൾക്ക് ഓറിയോൺ കീച്ച് സിങ് എന്നൊരും മകനുണ്ട്. ‘ഉറക്കമില്ലാത്ത രാത്രികൾ കൂടുതൽ സന്തോഷം നൽകുന്നു, ഞങ്ങളുടെ കുടുംബം പൂർണമാക്കാനെത്തിയ കൊച്ചു രാജകുമാരി ഓറയെ സ്വാഗതം ചെയ്യുന്നു’ … എന്ന് കുറിച്ചുകൊണ്ടാണ് മകൾ പിറന്ന വിവരം താരം അറിയിച്ചത്.
‘പ്രസവാനന്തരം അമ്മമാർ മുടി മുറിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അന്നെനിക്ക് കാരണം മനസിലായില്ല. പിന്നീട് പ്രസവശേഷം കാര്യങ്ങൾ മനസിലായി. മുടികൊഴിച്ചിൽ കൂടിയപ്പോൾ മുടിമുറിക്കാൻ തീരുമാനിച്ചു. തുടർന്നാണ് കാൻസർ രോഗികളായ കുട്ടികൾക്ക് വിഗ്ഗ് നിർമിച്ച് നൽകുന്ന ലിറ്റിൽ പ്രിൻസസ് ട്രസ്റ്റിനെ കണ്ടെത്തിയത്. കീമോതെറാപ്പി ചെയ്യുന്നതിനിടയിൽ മുടി, കൺപീലി, പുരികങ്ങൾ എന്നിവയെല്ലാം കൊഴിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വിഷമത്തെ കുറിച്ചും അത് ആത്മാഭിമാനത്തെ ബാധിക്കുന്നതിനെ കുറിച്ചും ഭർത്താവ് യുവരാജ് സിങ് പറഞ്ഞിട്ടുണ്ട്. എന്റെ ഈ വലിയ തീരുമാനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതാണ്’- ഹേസൽ ഇൻസ്റ്റാഗ്രമിൽ കുറിച്ചു.
‘യുകെയിലാണ് ഞാനിപ്പോഴുള്ളത്. എന്റെ മുടി സ്വീകരിച്ചതിന് നന്ദി ലിറ്റിൽ പ്രിൻസസ് ട്രസ്റ്റിന് നന്ദി. ഇതൊരു പെയ്ഡ് പ്രമോഷനല്ല. കീമോതെറാപ്പിക്ക് ശേഷം മുടി കൊഴിയുന്ന കുട്ടികൾക്ക് വിഗ്ഗിണ്ടാക്കി നൽകുന്ന ലിറ്റിൽ പ്രിൻസസ് ട്രസ്റ്റിനെ ഗൂഗിളിലൂടെയാണ് ഞാൻ കണ്ടെത്തിയത്. ഇത് അറിയാത്തവർക്കായി പങ്കിടാൻ ഞാൻത് ആഗ്രഹിച്ചു, ഈ ട്രസ്റ്റുമായി യാതൊരു ബന്ധവും എനിക്കില്ല’- ഹേസൽ ചിത്രത്തിനൊപ്പം കുറിച്ചു.