തൃശൂര്‍: മാപ്രാണത്ത് മോഷണ പരമ്പര. മാപ്രാണം സെന്‍ററിലെ ഏഴ് കടകളിലാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 40,000 രൂപ മോഷണം പോയി. ഇരിങ്ങാലക്കുട പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മാപ്രാണം സെന്‍ററിലെ മാംഗോ ബേക്കേഴ്സ്, നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷനിന് അടുത്തുള്ള പച്ചക്കറികട എന്നിവടങ്ങളിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. ദിവസങ്ങൾക്ക് മുൻപ് ചേർപ്പ് പാലയ്ക്കലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. മങ്കി ക്യാപ് വച്ച ഒരാൾ പിക്കാസ് പോലുള്ള ഉപകരണം വച്ച് പൂട്ട് പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മാപ്രാണം സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14,000 രൂപ നഷ്ടപ്പെട്ടു.ഇതിന് തൊട്ടടുത്തായി ഉണ്ടായിരുന്ന 25,000 രൂപ മോഷ്ടാവ് കാണാത്തതിനാൽ നഷ്ടപ്പെട്ടില്ലെന്ന് കടയുടമ പറഞ്ഞു. ജന സേവന കേന്ദ്രത്തിൽ നിന്ന് 16,000 രൂപയും, നന്ദനത്തിൽ നിന്ന് 2,000 രൂപയും മാംഗോ ബേക്കേഴ്സിൽ നിന്നും 8,000 രൂപയും മോഷണം പോയതായി ഉടമകൾ പറഞ്ഞു.
പൂട്ട് തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു വെട്ടുകത്തി പൂജ സ്റ്റോഴ്സിന്റെ ഷട്ടറിന് മുന്നിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാവിന്റെ ദ്യശ്യങ്ങൾ വിവിധ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.