ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാൽപതായി. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവം ബീഹാറിൽ പല രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെയുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമായി. മദ്യപിച്ചാൽ മരിക്കും എന്നാണ് നിതീഷ് കുമാറിന്റെ പ്രതികരണം.
”ബീഹാറിൽ പൂർണമായും മദ്യനിരോധനം നടപ്പാക്കാൻ ശ്രമങ്ങൾ നടത്തിവരികയാണ്. മദ്യനിരോധനം ഇല്ലാതിരുന്ന കാലത്തും ഇവിടെ ആളുകൾ മരിച്ചിരുന്നു. ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണം. മദ്യം കഴിക്കരുത്. മദ്യപിച്ചാൽ മരിക്കും. കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമങ്ങൾ ഇവിടെയുണ്ട്, പക്ഷേ കൊലപാതകങ്ങൾ നടക്കുന്നില്ലേ?,” , നിതീഷ് കുമാർ പറഞ്ഞു.
മദ്യ വിൽപനയ്ക്ക് നിയന്ത്രണങ്ങളില്ലാത്ത തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാജമദ്യം കഴിച്ചുള്ള മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നായിരുന്നു ബീഹാർ എക്‌സൈസ് മന്ത്രി സുനിൽ കുമാറിന്റെ പ്രതികരണം.
ഛപ്ര സിവിൽ ആശുപത്രിയിൽ വെച്ച് 21 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്ന് ഛപ്ര സിവിൽ ആശുപത്രിയിലെ സർജൻ ഡോ. സാഗർ ദുലാൽ സിൻഹ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ ചിലർ ഇവിടെ ചികിൽസ തേടിയെത്തിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ ആന്തരാവയവങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുസാഫർപൂരിലെ ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 16 മണിക്കൂറിനിടെ 86 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 464 പേരാണ് അനധികൃത മദ്യ വിൽപനയുമായി ബന്ധപ്പെട്ട് ബീഹാറിൽ അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് മർഹൗറ സബ് ഡിവിഷണൽ പോലീസ് ഓഫീസർ യോഗേന്ദ്ര കുമാറിനെ സ്ഥലം മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മഷ്‌റക് എസ്എച്ച്ഒ റിതേഷ് മിശ്ര, കോൺസ്റ്റബിൾ വികേഷ് തിവാരി എന്നിവരെ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. അനധികൃത മദ്യം വിറ്റവരെ കണ്ടെത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്തെ മദ്യനിരോധനത്തെ ചോദ്യം ചെയ്തും നിതീഷ് കുമാർ സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ചും ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും വ്യാജമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ രംഗത്തെത്തി. പോലീസും അനധികൃത മദ്യക്കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബിജെപി എംഎൽഎമാർ നിയമസഭയ്ക്ക് പുറത്ത് പ്രകടനം നടത്തി, ”പ്രതിപക്ഷത്താണെങ്കിലും, മദ്യനിരോധനം കൊണ്ടുവന്നപ്പോൾ അതിനെ പിന്തുണച്ചവരാണ് ഞങ്ങൾ. എന്നാൽ അതു നടപ്പിലാക്കിയ രീതി സമ്പൂർണ പരാജയമായിരുന്നു”, ബീഹാർ മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് പറഞ്ഞു.
2016-ലാണ് നിതീഷ് കുമാർ സർക്കാർ ബീഹാറിൽ മദ്യത്തിന്റെ ഉപയോഗവും വിൽപനയും നിരോധിച്ചത്. അതിനുശേഷം ഇത്തരം നിരവധി ദുരന്തങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു.