ന്യൂഡല്‍ഹി: സൈനികരുടെ പെന്ഷന് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. സൈനികക്ഷേമത്തെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന മോദിസര്‍ക്കാര്‍ സൈനികരുടെ അവകാശങ്ങള്‍ നിരന്തരം ഹനിക്കുന്നവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
വണ്‍ റാങ്ക്, വണ്‍ പെന്ഷന് എന്ന് ആഹ്വനം ചെയ്തതല്ലാതെ നടപ്പാക്കിയില്ല.സ്വാഭാവിക പ്രമോഷനുവേണ്ടി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നോണ്‍ ഫങ്ഷനല്‍ യൂട്ടിലിറ്റി ആനുകൂല്യം പിന്‍വലിച്ചെന്നും രണ്‍ദീപ് സിങ് കുറ്റപ്പെടുത്തി.
കാന്റീനില്‍നിന്ന് ഓരോ മാസവും വാങ്ങാവുന്ന സാധനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത് നാലു വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് പുനഃസ്ഥാപിച്ചത്. സിയാച്ചിനിലും ലഡാക്കിലുമുള്ള സൈനികര്‍ക്കായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, തണുപ്പുകാല വസ്ത്രങ്ങള്‍ എന്നിവ വാങ്ങുന്നത് വൈകിച്ചു. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ വിരമിക്കുന്നവര്‍ക്കുള്ള പെന്ഷന് വെട്ടിക്കുറക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് വിമര്‍ശിച്ചു.