തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. ഡിസംബര്‍ എട്ടിനാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും എട്ടിന് തെരഞ്ഞെടുപ്പ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളില്‍ ഡിസംബര്‍ പത്ത് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നാംഘട്ടമായി ഡിസംബര്‍ 14നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. നവംബര്‍ പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. നവംബര്‍ 19 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നവംബര്‍ 20ന് നടക്കും. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുളള അവസാന തീയതി. സ്ഥാനാര്‍ത്ഥികളുടെ ചിത്രം അന്ന് തെളിയും. ഡിസംബര്‍ 14ന് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ക്രിസ്തുമസിന് മുമ്ബായി പുതിയ ഭരണസമിതികള്‍ നിലവില്‍ വരും.
തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും സര്‍ക്കാരിന്റേയും അഭിപ്രായം ശേഖരിച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിനുളള അന്തിമവോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്നു. 2.72 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുളളത്. 1.29 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും 282 ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടര്‍ പട്ടികയിലുണ്ട്. ഈ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ നാല് ദിവസം അവസരം നല്‍കി. അവരെ കൂടി ചേര്‍ത്ത് നവംബര്‍ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും.
പോളിംഗ് സ്റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസി നടപ്പാക്കും. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീന്‍ ആകുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിംഗിനുളള സൗകര്യമുണ്ടാകും. മൂന്ന് ദിവസത്തിന് മുമ്ബ് തപാല്‍ വോട്ടിനായി അപേക്ഷിക്കണം.പോളിംഗ് സ്റ്റേഷന് പുറത്ത് സാനിറ്റൈസര്‍ വിതരണം ചെയ്യും. വോട്ടര്‍മാരെ തിരിച്ചറിയാനായി പോളിംഗ് ഓഫീസര്‍ക്ക് മുന്നില്‍ മാസ്‌ക് മാറ്റേണ്ടതാണ്.
941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് മട്ടന്നൂര്‍ ഒഴികെയുള്ള 87 മുനിസിപ്പാലിറ്റികളും 6 കോര്‍പ്പറേഷനുകളും വിധിയെഴുതും. കൊവിഡ് പശ്ചാത്തലത്തില്‍ പോളിംഗിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും. പുതിയ ഭരണസമിതി വരുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരിക്കും. കൊവിഡ് പ്രതിസന്ധി മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടത്.
സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുന്‍സിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 21,865 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. 34,744 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും.