ചീഫ് സെക്രട്ടറിയുടേയും സെക്രട്ടറിമാരുടേയും ഓഫീസുകളിലെ കരാര്‍ നിയമനങ്ങള്‍ വിവാദത്തില്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമച്ചി സ്വപ്നസുരേഷ് പ്രധാനപ്രതിയായത് കൂടെ ആണ് കരാര്‍ നിയമനങ്ങള്‍ എല്ലാം സംശയത്തിന്റെ നിഴലില്‍ ആയത്. പല നിയമനങ്ങള്‍ക്ക് പിന്നിലും ഐ.റ്റി. സെക്രട്ടറിയായിരുന്ന ശിവശങ്കറിന് താല്പര്യം ഉള്ളവരെ ആണ് നിയമിച്ചിരുന്നത് എന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രഹസ്യസ്വഭാവമുള്ള പ്രധാന ഫയലുകളും സന്ദേശങ്ങളും എത്തുന്ന ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ഐ.ടി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ രണ്ട് പേരെയാണ് ഇങ്ങനെ നിയമിച്ചത്. വ്യവസായ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്റെ ഓഫീസില്‍ ഐ.ടി പ്രൊജക്ട് അസിസ്റ്റന്റായി മറ്റൊരാളെ നിയമിച്ചു. ശിവശങ്കരന്റെ ഓഫീസിലും നിയമനം നടത്തി ഐ.ടി ജോലികളില്‍ സഹായിക്കാന്‍ എന്ന വ്യാജേന ആണ് നിയമനം.
സര്‍ക്കാര്‍ സര്‍വ്വീസില്‍ പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത് എന്നിരിക്കെ പ്രധാന വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.ടി വിദഗ്ധരെ നിയമിച്ചതില്‍ ദുരൂഹത ഉണ്ടെന്നാണ് ഇപ്പോള്‍ പ്രതിപക്ഷം ആരോപിക്കുന്നത്. ഇത്തരക്കാരുടെ വിശദാംശങ്ങള്‍ പോലും അന്വേഷിക്കാതെയാണ് നിയമനങ്ങള്‍ നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങളും അതുപോലെ തന്നെ തന്ത്രപ്രധാന രേഖകളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് വഴിയൊരുക്കുകയായിരുന്നു ശിവശങ്കരനെന്നും ആരോപണം ഉണ്ട്.