തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു

0
66

തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. വായ്പാ കുടിശ്ശിക വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. ആറ് മാസത്തേയ്ക്കാണ് മരവിപ്പിക്കൽ. ഈ കാലായളവിൽ നിക്ഷേപം സ്വീകരിക്കുകയോ വായ്പ നൽകുകയോ പുതുക്കുകുകയോ നിക്ഷേപം തിരികെ നൽകുകയോ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ സഹകരണ ബാങ്ക്.

നൂറിലേറെ ആളുകളിൽ നിന്നായി 75 കോടി രൂപയാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുള്ള കിട്ടാക്കടം. ഇത് മൂന്ന് തവണ മുതൽ മൂന്ന് വർഷത്തിലേറെയായി കുടിശ്ശിക വരുത്തിയതാണ്. ആകെ 189 കോടി രൂപയാണ് വായ്പ നൽകിയത്. ഇതിൽ 75 കോടി രൂപയാണ് ഇപ്പോഴത്തെ കുടിശ്ശിക. ഇത് വായ്പയുടെ 39 ശതമാനമാനം വരും.

റിസർവ് ബാങ്കിൻ്റെ മാനദണ്ഡപ്രകാരം 10 ശതമാനം വരെ മാത്രമേ കുടിശ്ശിക വരുത്താവൂ. കഴിഞ്ഞ വർഷം ആകെ കിട്ടാക്കടം 113 കോടി രൂപയായി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഒരു വർഷം മുമ്പ് പുതിയ വായ്പ അനുവദിക്കുന്നതിൽ നിന്ന് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കി റിസർവ് ബാങ്കിനെ സമീപിക്കുമെന്ന് ബാങ്ക് ഭരണ സമിതി ചെയർമാൻ വി വി മത്തായി പറഞ്ഞു.

ബാങ്കിലെ ഇടപാടുകൾ മരവിപ്പിച്ചതോടെ സാധാരണക്കാരായ നിരവധി നിക്ഷേപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അടുത്ത ദിവസം മുതൽ കൂടുതൽ ആളുകൾ നിക്ഷേപം തിരികെ ലഭിക്കാനായി എത്തുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here