കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഗോവയില്‍ നടക്കുന്ന ഐഎസ്എല്‍ ഏഴാം സീസണ് മത്സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്ബ്യന്മാരായ എടികെ മോഹന്‍ ബഗാനെ നേരിടും. ബംബോളിം ജിഎംസി സ്റ്റേഡിയത്തിലാണ് മത്സരം.
11 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് സംഘാടകര്‍ പുറത്തുവിട്ടത്. നവംബര്‍ 27നാണ് ലീഗിലെ ആദ്യ കോല്‍ക്കത്ത ഡെര്‍ബി. ലീഗിലെ പുതുമുഖമായ ഈസ്റ്റ് ബംഗാള്‍ എടികെ മോഹന്‍ ബഗാനെ നേരിടും.
ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബംബോളിം ജിഎംസി സ്റ്റേഡിയം, വാസ്കോ തിലക് മൈതാന്‍ എന്നീ മൂന്ന് അടച്ചിട്ട വേദികളിലാണ് ഇത്തവണ മത്സരങ്ങളെല്ലാം .ആകെ 115 മത്സരങ്ങള്‍. കഴിഞ്ഞ സീസണുകളില്‍ ഇത് 95 ആയിരുന്നു.
ഡബിള്‍ റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ എല്ലാ ക്ലബ്ബുകളും രണ്ടു തവണ പരസ്പരം മത്സരിക്കും. പട്ടികയിലെ ആദ്യനാലു ടീമുകള്‍ പ്ലേ ഓഫിന് യോഗ്യത നേടും. എല്ലാ ഞായറാഴ്ചകളിലും രണ്ടു മത്സരങ്ങള്‍ വീതമുണ്ടാവും. അവശേഷിക്കുന്ന 55 ലീഗ് മത്സങ്ങളുടെ ക്രമം പിന്നീട് പ്രഖ്യാപിക്കും