കൊച്ചി: യൂട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു. ഭാഗ്യലക്ഷ്മിയെയും സംഘത്തെയും ഹൈക്കോടതി പരോക്ഷമായി വിമര്‍ശിച്ചു.
എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്നു ചോദിച്ച കോടതി നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും ആരാഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആക്രമിക്കപ്പെട്ട യൂട്യൂബര്‍ വിജയ് പി. നായരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.ഒരാളെ വീട്ടില്‍ക്കയറി അടിക്കുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നു കോടതി ചോദിച്ചു. മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു.
പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം വാദമുന്നയിച്ചു. എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകന്‍ പറഞ്ഞു.